മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ(എം.ഡി.സി) കേരള ബാങ്കിൽ ലയിപ്പിച്ച സഹകരണ സംഘം രജിസ്ട്രാറിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സന്ദർശനം. നടപടികൾ വിലയിരുത്താൻ എം.ഡി.സി ബാങ്കിലെത്തിയ പ്രസിഡന്റ് ജീവനക്കാരുമായും ചർച്ച നടത്തി. ലയന നടപടികളുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് സഹകരണ സംഘം രജിസ്ട്രാർ ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുള്ള പ്രാരംഭ നടപടികളാണ് എം.ഡി.സിയിൽ പുരോഗമിക്കുന്നത്. ബാങ്കിന്റെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ച് രേഖകകൾ റിസർവ് ബാങ്കിന് സമർപ്പിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ കേരള ബാങ്ക് ഉന്നത ഉദ്യോഗസ്ഥ സംഘം ജീവനക്കാർക്ക് നൽകി. രേഖകൾ സമർപ്പിക്കലും മറ്റു നടപടികളും ഒരു മാസത്തിനകം പൂർത്തിയാക്കും. എം.ഡി.സിയുടെ 54 ശാഖകൾക്കും ലൈസൻസിന് റിസർവ് ബാങ്കിന് അപേക്ഷ നൽകും. റിസർവ് ബാങ്ക് നടപടികൾ പൂർത്തീകരിച്ച ശേഷം ബ്രാഞ്ചുകളുടെ വിപുലീകരണത്തിന് നയരൂപീകരണം ഉൾപ്പെടെ നടത്തും. പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധമാവും പുതിയ ബ്രാഞ്ചുകൾ സ്ഥാപിക്കുക. എൻ.ആർ.ഐ നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള അനുമതിക്ക് റിസർവ് ബാങ്കിന് അപേക്ഷ നൽകും.1.50 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തെ പ്രവാസി നിക്ഷേപം. ഇതിൽ 65 ശതമാനം പൊതുമേഖല ബാങ്കുകളിലും 35 ശതമാനം സ്വകാര്യ ബാങ്കുകളിലുമാണ്. ഈ തുക കേരളത്തിന് പുറത്തെ വായ്പകൾക്ക് അനുവദിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയാണ്. പ്രവാസി നിക്ഷേപത്തിൽ 30 ശതമാനമെങ്കിലും കേരള ബാങ്കിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എം.ഡി.സി ബാങ്കിലെ കരാർ, താത്ക്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാവില്ല. ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ നീതിപൂർവം നടപ്പാക്കുമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
സിഡി റേഷ്യോ 70 ശതമാനമാക്കും
റിസർവ് ബാങ്കിന്റെ 19 നിർദ്ദേശങ്ങൾ പൂർത്തീകരിക്കാൻ കേരള ബാങ്കിന് ഡിസംബർ വരെ സമയകാലാവധി അനുവദിച്ചിട്ടുണ്ട്. ഐടി ഇന്റഗ്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ലയന നടപടി പൂർത്തിയാവുന്നതോടെ കേരള ബാങ്ക് നടപ്പാക്കിയ ക്ഷീരമിത്ര ഉൾപ്പെടെ 48 വായ്പാ പദ്ധതികൾ ജില്ലയിലുള്ളവർക്ക് ലഭ്യമാകുമെന്ന് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ ഐ.ടി സംവിധാനങ്ങളുടെ നവീകരണം ഉൾപ്പെടെയുള്ളവ അപ്രായോഗികമാണ്. കേരള ബാങ്കിൽ ലയിപ്പിച്ചതോടെ നൂതന സാങ്കേതിക വിദ്യയും സേവനങ്ങളും ലഭ്യമാകും. കൊവിഡ് കാലത്ത് 2,500 കോടി രൂപ ആർ.ബി.ഐ സ്പെഷൽ ലിക്വിഡിറ്റി ഫണ്ടായി നൽകി. കാർഷിക വായ്പയ്ക്കായി നബാർഡ് 1,200 കോടിയും അനുവദിച്ചു. ഇതടക്കം 5,000 കോടി രൂപ കാർഷിക വായ്പയായി നൽകി. കേരള ബാങ്കിൽ നിന്ന് വിട്ടുനിന്നതിനാൽ മലപ്പുറം ജില്ലയിൽ ഇത് വിതരണം ചെയ്യാനായില്ല. ലയനത്തോടെ നീതിപൂർവമായ വായ്പാവിതരണം സാദ്ധ്യമാവും. 65 ശതമാനമാണ് കേരള ബാങ്കിന്റെ നിലവിലെ സിഡി റേഷ്യോ. മാർച്ച് അവസാനത്തോടെ ഇത് 70 ശതമാനം എത്തിക്കാനാണ് ശ്രമമെന്നും ചീഫ് ജനറൽ മാനേജർ പറഞ്ഞു. സ്പെഷൽ ഓഫീസർ ഡോ. എൻ.അനിൽകുമാറും സന്നിഹിതനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |