വടക്കഞ്ചേരി: ടൗണിലെ സ്റ്റോപ്പുകൾ ഓട്ടോക്കാരും തട്ടുകടക്കാരും കൈയടക്കിയതോടെ ബസ് കാത്തുനിൽക്കാൻ ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ. വടക്കഞ്ചേരി കെ.എ.എം ജുവലറിക്ക് മുമ്പിലുള്ള ബസ് സ്റ്റോപ്പിലും ചെറുപുഷ്പം സ്കൂളിന് മുമ്പിലും പാർക്ക് ചെയ്യുന്ന ഓട്ടോകൾ മാറ്റിയിടണമെന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശം ആരും ചെവിക്കൊള്ളുന്നില്ല.
ആദ്യകാലങ്ങളിൽ പൊലീസ് ഓട്ടോകൾ മാറ്റി യാത്രക്കാർക്ക് നിൽക്കാൻ സ്ഥലമൊരുക്കിയിരുന്നു. മൂന്നോ നാലോ ഓട്ടോകൾ മാറ്റിയിട്ടാൽ തീരുന്ന പ്രശ്നം പരിഹരിക്കാൻ പോലും പഞ്ചായത്തോ പൊലീസോ ശ്രമിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യവും പഞ്ചായത്ത് ചെവിക്കൊണ്ടിട്ടില്ല.
ആലത്തൂർ, പാലക്കാട്, മംഗലം- ഗോവിന്ദാപുരം, പുതുക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഇവിടെ നിറുത്തിയാണ് ആളെ കയറ്റുന്നത്. ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ നടുറോഡിൽ നിറുത്തിയാണ് ആളെ കയറ്റുന്നത്. ഇത് ഗതാഗത സ്തംഭനത്തിനും കാരണമാകും. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ടാണിവിടെ നിൽക്കുന്നത്.
ചെറുപുഷ്പം ഗേൾസ് സ്കൂളിന് മുമ്പിലും ഇതേ അവസ്ഥയാണ്. സ്കൂൾ പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടും വാഹനങ്ങൾ മാറ്റാൻ തയ്യാറാകുന്നില്ല. മന്ദം ജംക്ഷന് മുൻപിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ഉന്തുവണ്ടി കച്ചവടം തകൃതിയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കച്ചവട സാധനങ്ങളും നിറഞ്ഞു. യാത്രക്കാർക്ക് ഇവിടെ പ്രവേശനമില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് യാത്രക്കാർക്ക് ഉപകാരമില്ലാതെ കൈയേറിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |