പറളി: വേനൽ കനത്തതോടെ ദാഹജലം തേടി അയ്യർമലയിറങ്ങി വരുന്ന വന്യ ജീവികൾക്ക് ദാഹജലം നൽകി പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനും സുഹൃത്ത് കെ.കെ.എ.റഹ്മാനും. വാഹനത്തിൽ വെള്ളവും പഴങ്ങളും കയറ്റി വനമേഖലയിലെത്തിച്ച് വന്യജീവികളുടെ ദാഹമകറ്റുകയാണ് ഇവർ. വർഷങ്ങളായി തുടരുന്ന ഈ സേവനം ഈ വേനലിലും തുടരുകയാണ് ബാലൻ.
പഴകടകളിൽ നിന്നും ബേക്കറികളിൽ നിന്നും വ്യാപാരികൾ നൽകുന്ന പഴങ്ങൾ ശേഖരിച്ച് വാഹനത്തിൽ കയറ്റി ഒപ്പം രണ്ട് വീപ്പകളിൽ ശുദ്ധജലവും നിറച്ചാണ് എന്നും രാവിലെ ബാലന്റെ വണ്ടി പുറപ്പെടുന്നത്. തിരിച്ചുവരുന്നത് ഏറെ വൈകിയിട്ടും. വനമേഖലയിൽ പല ഭാഗങ്ങളിലായി പഴങ്ങൾ ഇടുകൊടുക്കുകയാണ് പതിവ്. ഒപ്പം പ്ലാസ്റ്റിക് തട്ടിൽ ശുദ്ധജലവും നിറച്ചുവയ്ക്കും.
പഴങ്ങൾ വൈകുന്നേരം വരെ കുരങ്ങ്, മയിൽ, മറ്റ് വന ജീവികൾ യഥേഷ്ടം ഭക്ഷിക്കും. രാത്രിയായാൽ പഴങ്ങൾ തേടി കാട്ടുപന്നിക്കൂട്ടവുമെത്തും. കല്ലൂർ ബാലന്റെയും കെ.കെ.എ.റഹ്മാന്റെയും കാരുണ്യത്താൽ അയ്യർ മല വനമേഖലയിലെ വന്യ ജീവികൾക്ക് ദാഹജലവും പഴങ്ങളും സുഭിക്ഷമായി ലഭിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |