ചെർപ്പുളശ്ശേരി: നാലാലുംകുന്ന് പട്ടിക്കാംതോട് പാലത്തിലൂടെ എല്ലാ വാഹനങ്ങളും നിരോധിച്ചുകൊണ്ട് നഗരസഭ സെക്രട്ടറിയുടെ അറിയിപ്പ് നാട്ടുക്കാരെ വലയ്ക്കുന്നു. വീട്ടിക്കാട്, കുളപ്പട, കാട്ടുകണ്ടം, ചെറുപാറ പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾ പാലം അടച്ചതോടെ ഏറെ പ്രയാസത്തിലാണ്. ഈ പ്രദേശത്തെ ജനങ്ങൾ യാത്രസൗകര്യത്തിന് പൊതു ഗതാഗതത്തെയാണ് കൂടുതൽ ആശ്രയിക്കാറുള്ളത്. പാലത്തിലൂടെയുള്ള ബസ് സർവീസ് നിലച്ചത് കാരണം യാത്രചെയ്യാൻ ബുദ്ധിമുട്ടുകയാണ് ഇവിടെയുള്ളവർ.
കർഷകരും വിദ്യാർത്ഥികളും മറ്റു സാധരണക്കാരും ഏറെ തിങ്ങി പാർക്കുന്ന ഈ പ്രദേശങ്ങളിലെ ആളുകൾ പരീക്ഷകൾക്കും ജോലി ആവശ്യാർത്ഥവും ചെർപ്പുളശ്ശേരി, തൂത ഭാഗങ്ങളിലെത്താൻ കിലോമീറ്റർ കാൽനടയായി പോവണം. അല്ലെങ്കിൽ വാഹനം വാടകയ്ക്ക് വിളിച്ച് യാത്രചെയ്യണം. വള്ളുവനാട്ടിലെ പ്രശസ്ത ഉത്സവമായ തൂത ഉത്സവം മെയ്യ് രണ്ടാം വാരം നടക്കുന്നതാണ്. നിരവധി കാളകളും, ആനകളും ഈ പ്രദേശത്ത് നിന്നും തൂത പൂരത്തിന് എഴുന്നെള്ളിക്കാറുണ്ട്. പാലം അടച്ചത് കാരണം വിവിധ ദേശകമ്മിറ്റികൾ പൂരത്തിന് എന്ത് ചെയ്യും എന്ന അങ്കലാപ്പിലാണ്. പട്ടിക്കാം തോട് പാലം പുതുക്കി പണിയുകയോ, പുനരുദ്ധാരണം നടത്തുകയോ ചെയിത് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ബദൽ സംവിധാനമില്ല
ഉത്സവകാലമായിട്ടും യാത്രയ്ക്ക് ബദൽ സംവിധാനമൊരുക്കാതെ നഗരസഭയുടെ ഈ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർത്തുന്നത്. റേഷൻ കടയിലേക്കുളള അരി, കർഷകർക്കുള്ള വളങ്ങൾ എന്നിവ ഇവിടേക്കെത്തിക്കാൻ വളരെ പ്രയാസപ്പെടുകയാണ് ഇവിടുത്തെ ജനങ്ങൾ.
പാലം പുതുക്കി പണിയാൻ നടപടിയെടുക്കുന്നില്ല
വർഷങ്ങളായി പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് നൽകുകയല്ലാതെ ദിവസേന നിരവധി ആളുകൾ സഞ്ചരിക്കുന്ന ഈ പാലം പുതുക്കി പണിയാനോ പുനരുദ്ധാരണ പ്രവർത്തിക്കോ ഒരു നടപടിയും ഇതുവരെയും നഗര സഭ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റ് മുതൽ മൂന്ന് മാസക്കാലം പാലം അപകടത്തിലാണെന്ന് അറിയിച്ച് അധികൃതർ വാഹന ഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു അറ്റകുറ്റപണിയും നടത്താതെ തുറന്ന് കൊടുക്കുകയും ചെയിതു. ഇത് തെളിയിക്കുന്നത് പാലത്തിന് അപകടമാം വിതം തകർച്ചയില്ല എന്നും അറ്റകുറ്റപണി നടത്തിയാൽ ഗതാഗയോഗ്യമാക്കാം എന്നുമാണ് പ്രദേശവാസികളുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |