പാലക്കാട്: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അഞ്ച് വില്ലേജുകളുൾപ്പെടെ ഒമ്പത് മേഖലകളുടെ കൂടി ത്രീഡി വിജ്ഞാപനം ദേശീയപാത അതോറിറ്റി ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പാലക്കാട് രണ്ടാം ബ്ലോക്ക് 76, 60, മലമ്പുഴ രണ്ടാം ബ്ലോക്ക് 38, 37, അകത്തേത്തറ ബ്ലോക്ക് 25, 24, പൊറ്റശ്ശേരി ഒന്നാം ബ്ലോക്ക് ഒമ്പത്, പയ്യനടം ബ്ലോക്ക് 22, അലനല്ലൂർ മൂന്ന് എന്നിവയുടെ ത്രീഡി വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ ജില്ലയിലെ മണ്ണാർക്കാട്, പാലക്കാട് താലൂക്കുകളിലെ ഹൈവെ സ്പർശിച്ച് പോകുന്ന മുഴുവൻ പ്രദേശങ്ങളുടെയും ത്രീഡി വിജ്ഞാപനം പൂർത്തിയായി.
ജില്ലയിൽ 61.440 കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുള്ളത്. ആദ്യഘട്ട വിജ്ഞാപന പട്ടികയിലുള്ളവരുടെ ഹിയറിംഗ് പൂർത്തിയായി. ബാക്കിയുള്ള പ്രദേശവാസികളുടെ ഹിയറിംഗ് അടുത്തയാഴ്ച തുടങ്ങും. നഷ്ടപരിഹാര തുകയ്ക്ക് അർഹത തെളിയിക്കുന്ന ആധാരമുൾപ്പെടെയുള്ള 15 നിശ്ചിത രേഖകൾ ഭൂവുടമ ഹിയറിംഗ് സമയത്ത് ഹാജരാക്കണം. മിക്കവാറും ഏപ്രിൽ ആദ്യവാരത്തിൽ തന്നെ ഉടമ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകളിലേക്ക് നഷ്ടപരിഹാരം കൈമാറാൻ നടപടി സ്വീകരിക്കും. പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വിജ്ഞാപനത്തിലുൾപ്പെടാത്ത സ്ഥലങ്ങളുണ്ടെങ്കിൽ അവയുടെ പ്രത്യേക വിജ്ഞാപനം പുറത്തിറക്കുമെന്നും ദേശീയപാത സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കൽ സംശയങ്ങൾക്ക് ബന്ധപ്പെടണം
ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന ഭൂവുടമകൾ നഷ്ടപരിഹാരത്തിന് ലാൻഡ് അക്വിസിഷൻ ഓഫീസിൽ നൽകേണ്ട രേഖകൾ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കോട്ടമൈതാനം രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന എൽ.എ എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ, സ്പെഷ്യൽ തഹസിൽദാർമാർ എന്നിവരുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നിലം ഇനത്തിൽപ്പെട്ട ഭൂമി ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന സാക്ഷ്യപത്രം കൃഷി ഓഫീസിൽ നിന്നും ലഭ്യമാക്കി നൽകിയാൽ അത്തരം ഭൂമിക്ക് പുരയിടം ഇനത്തിൽപ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കും എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഫോൺ: 0491 2505388.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |