പദ്ധതി ചെലവ് 15.42 കോടി രൂപ
പാലക്കാട്: കാട്ടാനകൾ ട്രാക്കിലേക്കെത്തുന്നത് തടയാൻ എ.ഐ സംവിധാനത്തോടെ റെയിൽവേ നിർമ്മിക്കുന്ന 'എലഫന്റ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഇ.ഐ. ഡി.എസ്)' ഉടൻ പ്രവർത്തനമാരംഭിക്കും. മധുക്കര മുതൽ കൊട്ടേക്കാട് വരെയുള്ള 33 കീലോമീറ്ററിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന ഈ ഭാഗം കാട്ടാനകളുടെ സഞ്ചാര കേന്ദ്രമാണ്. 15.42 കോടി രൂപ ചെലവിലാണ് പദ്ധതി. ട്രാക്കിനരികിലേക്ക് കാട്ടാനകളെത്തിയാൽ ഉടൻ കൺട്രോൾ റൂമിൽ അലാറം മുഴങ്ങും. സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോപൈലറ്റിനും ഡിവിഷൻ കൺട്രോൾ റൂമിലേക്കുമാണ് സന്ദേശമെത്തുന്നത്. എ.ഐ സംവിധാനത്തിലൂടെയാണ് സന്ദേശമെത്തുക. റെയിൽവേ പ്രതിരോധ നടപടികൾ ദ്രുതഗതിയിൽ നടപ്പിലാക്കാനും ഏകോപിപ്പിക്കാനും ഇ.ഐ.ഡി.എസ് സംവിധാനം ഉപയോഗപ്പെടുത്താം. രാത്രികാലങ്ങളിൽ ട്രെയിൻ വേഗത കുറയ്ക്കുക, എ.ഐ അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ സ്ഥാപിക്കുക, സോളാർ വേലികൾ സ്ഥാപിക്കുക, കട്ടിംഗുകളും കായലുകളും വീതികൂട്ടുക, ദുർബലമായ ഭാഗങ്ങളിൽ വെളിച്ചം വർദ്ധിപ്പിക്കുക തുടങ്ങിയ നിരവധി നടപടികൾ പാലക്കാട് ഡിവിഷൻ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
അടുത്ത മാസം പ്രവർത്തനം തുടങ്ങും
വനമേഖലയിലൂടെ കടന്നു പോകുന്ന റെയിൽവേ ട്രാക്കിന് ഇരുവശത്തും ഫൈബർ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. എ.ഐ അടിസ്ഥാനമാക്കിയുള്ള ഡിറ്റക്ഷൻ സിസ്റ്റങ്ങളുമായി ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സമന്വയിപ്പിച്ചുകൊണ്ടാണ് സാങ്കേതികവിദ്യ പ്രർത്തിക്കുന്നത്. റെയിൽവേ ട്രാക്കുകൾക്ക് സമീപം ആനകളുടെ നീക്കമുണ്ടായാൽ ഉടനെ തന്നെ ഫൈബർ കേബിളുകളിൽ രേഖപ്പെടുത്തുകയും എ.ഐ സംവിധാനത്തിലൂടെ കൺട്രോൾ റൂമിലേക്കും ലോക്കോ പൈലറ്റിനും സ്റ്റേഷൻ മാസ്റ്റർക്കും സന്ദേശമെത്തുകയും ചെയ്യും. വാളയാറിലും ഡിവിഷണൽ ഓഫീസിലും കൺട്രോൾ റൂം യൂണിറ്റുണ്ട്. ഉടൻ മുന്നറിയിപ്പ് നൽകി അപകടങ്ങൾ ഒഴിവാക്കുന്നതിന് ദ്രുതഗതിയിലുള്ള പ്രവർത്തനം സാധ്യമാക്കുകയും ചെയ്യും. നിലവിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇടുന്ന ജോലി ബി-ലൈനിൽ നൂറ് ശതമാനവും എ-ലൈനിൽ 82 ശതമാനവും പൂർത്തിയായി. ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |