'ഗ്രീൻ ദി ഗ്യാപ്' പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയിൽ

Sunday 26 January 2025 1:26 AM IST

പാലക്കാട്: പാലക്കാട് ചുരത്തിന്റെ ഹരിതവത്കരണത്തിനായുള്ള 'ഗ്രീൻ ദി ഗ്യാപ്' പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ആദ്യവാരം തുടങ്ങും. കേരളത്തിന്റെ അതിർത്തി പഞ്ചായത്തുകളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് 'പച്ചമതിൽ' തീർക്കുന്നതാണ് പദ്ധതി. ജില്ലാപഞ്ചായത്തിന്റെ 'പാരിസ്ഥിതികം 2024'ന്റെ ഭാഗമായി 10 ലക്ഷംരൂപ ചെലവിട്ട് ഹരിത കേരള മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിർത്തിയിലെ വനവത്കരണത്തിലൂടെ, തമിഴ്നാട്ടിൽ നിന്നുവരുന്ന ഉഷ്ണക്കാറ്റിനെ ചെറുക്കുകയും ചുരം ഹരിതവത്കരിക്കയുമാണ് ലക്ഷ്യം.

വടക്കുഭാഗത്തുള്ള വാളയാർമലകൾക്കും തെക്കുഭാഗത്തുള്ള നെല്ലിയാമ്പതി മലകൾക്കുമിടയിലുള്ള വിടവിലാണ് തൈകൾ നടുക. പുതുശ്ശേരി, എലപ്പുള്ളി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, മുതലമട തുടങ്ങിയ അതിർത്തി പഞ്ചായത്തുകളിലെ വാളയാർമുതൽ മുതലമടവരെയുള്ള ഭാഗങ്ങളിൽ ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ ജൈവവൈവിധ്യമുള്ള തൈകൾ നടും.

അതത് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പൊതുയിടങ്ങൾ, പുഴയോരങ്ങൾ, സർക്കാർസ്ഥാപന പരിധിയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം ഉപയോഗപ്പെടുത്തും. എൻ.എസ്.എസ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാവും പ്രവർത്തനം. കൊല്ലങ്കോട്, ചിറ്റൂർ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളാണ് പ്രധാനമായും പദ്ധതിക്കുകീഴിലുള്ളത്.

2010ത്തിൽ മിഷൻ വാളയാർ പദ്ധതിയുടെ ഭാഗമായി അതിർത്തി ചെക്‌പോസ്റ്റുകൾക്ക് സമീപം തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. മുൻ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ, തുടർപ്രവർത്തനങ്ങളില്ലാതായതോടെ പദ്ധതി ഫലംകണ്ടില്ല.