പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി

Tuesday 25 February 2025 12:13 AM IST

ഷൊർണൂർ: ഷൊർണൂരിൽ സ്വാമി വിവേകാനന്ദ പ്രതിമയും പാർക്കും സ്ഥാപിക്കാനായി നിർദ്ദേശിക്കപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയിട്ടും കണ്ടില്ലെന്ന മട്ടിൽ പൊതുമരാമത്ത് വകുപ്പും ഷൊർണൂർ നഗരസഭയും. കച്ചവട സ്ഥാപനത്തിന്റെ പാർക്കിംഗിനായി മണ്ണിട്ട് നികത്തി വശങ്ങളിൽ ഈന്തപ്പന മരങ്ങൾ നട്ട നിലയിലാണ്.

കൊച്ചിൻ പാലത്തിലുള്ള പഴയ ടോൾ ബൂത്തിന് സമീപം വിവേകാനന്ദ സ്മാരകം സ്ഥാപിക്കാൻ നീക്കിവെച്ച സ്ഥലം സമീപത്ത് വഴിയിടം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയ്ക്ക് വേണ്ടി വാഹന പാർക്കിംഗ് ചെയ്യാനായി അനധികൃതമായി മണ്ണിട്ട് നികത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി പട്ടാപകൽ പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാന പാതയോരത്തെ സുമാർ 20 സെന്റോളം വരുന്ന സ്ഥലം മണ്ണിട്ട് നികത്തി വരുന്നത് വ്യാപക പരാതി ഉണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല.

മാത്രമല്ല കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ സ്ഥാപന നടത്തിപ്പിന് കരാറെടുത്തയാൾ പല തര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും സർക്കാർ നിബന്ധനകൾ മറികടന്നാണ്. വഴിയിടം കെട്ടിടത്തിന്റെ പ്രധാന പൊതുജന ഉപയോഗ സ്ഥലമായ വിശ്രമ കേന്ദ്രവും, മുലയൂട്ടൽ കേന്ദ്രവും കഞ്ചാവ് മയക്കുമരുന്ന് ഉപയോഗക്കാരുടെയും, മദ്യപാനികളുടെയും രഹസ്യ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടേക്ക് പ്രവേശിക്കുന്ന വഴി തന്നെ കല്ലും കട്ടയും നിറഞ്ഞതാണ്.

പ്രതിമ അനാച്ഛാദനം അനിശ്ചിതത്വത്തിൽ ഷൊർണൂരിൽ വിവേകാനന്ദ സ്മാരകം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ 13 വർഷത്തിലേറെയായി കേന്ദ്ര സർക്കാരും, ശ്രീരാമകൃഷ്ണ മഠവും ചേർന്ന് 35 ലക്ഷം രൂപയാണ് നഗരസഭക്ക് കൈമാറിയത്. വിവേകാനന്ദ പ്രതിമ നിർമ്മിക്കാൻ നഗരസഭ കരാർ നൽകുകയും, പ്രതിമ നിർമ്മാണം പൂർത്തിയായപ്പോൾ വിവേകാനന്ദന്റെ രൂപസാദൃശ്യം ഇല്ലെന്ന കാരണത്താൽ പ്രതിമ അനാച്ഛാദനം ഇപ്പോഴും അനിശ്ചിതത്വത്തിൽ കിടക്കുകയുമാണ്.

കഴിഞ്ഞ നഗരസഭ ഭരണകാലഘട്ടത്തിൽ ഇതേ സ്ഥലത്ത് തന്നെ മുൻ നഗരസഭാ ചെയർപേഴ്സൺ വി.വിമല സാംസ്‌കാരിക കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചതാണ്. തുടർന്ന് അഞ്ച് വർഷം പിന്നിട്ടിട്ടും പിന്നീട് വന്ന നഗരസഭാ ഭരണസമിതി തുടർ നടപടികളെടുത്തില്ല.

പ്രതിമ സ്ഥാപിക്കൽ സ്മരണക്കായി

1892ൽ സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിനായി ഷൊർണൂരിൽ തീവണ്ടി ഇറങ്ങിയതിന്റെ സ്മരണക്കായാണ് ഷൊർണൂരിൽ പ്രതിമയും, സാംസ്‌കാരിക നിലയവും സ്ഥാപിക്കാൻ ആവശ്യമുയരുകയും, പ്രതിമ സ്ഥാപിക്കാൻ കേന്ദ്രം ഫണ്ട് നൽകിയതും. എന്നാൽ ഇതിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലം കൈയേറി മറ്റൊരാവശ്യത്തിനായി മാറ്റുമ്പോൾ അധികൃതർ കാണാതെ നിൽക്കുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.