പാലക്കാട്: വേനൽ കടുത്തതോടെ ഇഴജന്തുക്കളുടെ എണ്ണത്തിലും വർദ്ധന വന്നിട്ടുണ്ട്. തണുപ്പ് തേടി കുഴികളിൽ നിന്ന് പുറത്തുവന്ന് വീടുകൾക്കുള്ളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകൾ എത്തുന്ന സാഹചര്യവുമുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തെ ചവറുകൾക്ക് തീയിടുമ്പോളും പാമ്പുകൾ പുറത്തു വരും. സൈക്കിൾ, ബൈക്ക്, ഷൂ എന്നിവിടങ്ങളിലും, വീടിന്റെ പുറത്ത് ഉപയോഗിക്കാതെ ഇടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലും പാമ്പുകൾ കയറിക്കൂടും. പ്രധാനമായും വിഷമുള്ള നാല് തരം പാമ്പുകളുടെ കടിയേറ്റാണ് കൂടുതലും മരണം സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഈ പാമ്പുകളെ ബിഗ് ഫോർ എന്നാണ് വിശേഷിപ്പിക്കുന്നത്. മൂർഖൻ, ശംഖുവരയൻ, അണലി/ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ് ബിഗ് ഫോർ. പാമ്പ് കടിയേറ്റുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമെന്നോണമാണ് വനംവകുപ്പ് 'സർപ്പ‘ മൊബൈൽ ആപ്ലിക്കേഷൻ (സ്‌നേക്ക് അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പുറത്തിറക്കിയത്. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകർത്തി ആപ്പിൽ അപ്പ് ലോഡ് ചെയ്താൽ പരിശീലനം ലഭിച്ച ടീമിന് സന്ദേശം എത്തുകയും ജി.പി.എസ് സഹായത്തോടെ കൃത്യമായ സ്ഥലം കണ്ടെത്തുകയും ചെയ്യും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ച് റെസ്ക്യൂവർ സ്ഥലത്തെത്തും. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടയയ്ക്കുന്നതുവരെയുള്ള പ്രവർത്തനം ആപ്പിലൂടെ അറിയാൻ സാധിക്കും. പാമ്പുകളെ പിടികൂടി അവയുടെ ആവാസ വ്യവസ്ഥയിൽ കൊണ്ടു പോയിടുന്നതിന് പരിശീലനം ലഭിച്ച ഒട്ടേറെ വോളണ്ടിയർമാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മൊത്തം 280 വോളണ്ടിയർമാരാണുള്ളത്.
പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്
* ഭയത്തെ നിയന്ത്രിക്കാൻ ശ്രമിക്കുക. ഭയപ്പെടുന്നതും ഓടാൻ ശ്രമിക്കുന്നതുമൊക്കെ ഹൃദയമിടിപ്പും രക്തയോട്ടവും വർധിപ്പിക്കും. അതുമൂലം വിഷം അതിവേഗം ശരീരത്തിൽ പടരും.
* പാമ്പുകടിയേറ്റ ശരീരഭാഗത്ത് ചെറിയ മരക്കഷണമോ/സ്പ്ലിന്റോ വച്ചുകെട്ടി സപ്പോർട്ട് ചെയ്യുക.
* കടിയേറ്റ ഭാഗത്ത് ഒരു വിരൽ കടത്താവുന്നത്ര അയവിൽ ബാന്റേജ് വച്ചുകെട്ടുക
* കടിയേറ്റ വ്യക്തിയെ ഉടൻ ആശുപത്രിയിലെത്തിക്കുക.
കടിയേറ്റ വ്യക്തിയിൽ പ്രകടമായ മാറ്റങ്ങൾ ഡോക്ടറോട് വിശദീകരിക്കുക
വിഷമുള്ളതും അല്ലാത്തതുമായ എല്ലാ പാമ്പുകളെ കുറിച്ചുള്ള പൊതു വിവരങ്ങളും, ആന്റിവെനം ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രികളും അവയുടെ ഫോൺ നമ്പറുകളും സർപ്പ ആപ്പിൽ ലഭ്യമാണ്. (അസി. ഫോറെസ്റ്റ് കൺസെർവേറ്റർ മുഹമ്മദ് അൻവർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |