116 അപേക്ഷകളിൽ തുടർനടപടിക്ക് നിർദേശം
അഗളി: അട്ടപ്പാടി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച 'തുണൈ കർമ്മപദ്ധതി'യുടെ ഭാഗമായി പുതൂരിൽ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ അദാലത്ത് നടന്നു. അദാലത്തിൽ ലഭിച്ച 116 അപേക്ഷകളിന്മേൽ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അട്ടപ്പാടിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് തത്സമയ പരിഹാരം കാണുന്നതിനും മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് 'തുണൈ കർമ്മപദ്ധതി'ക്ക് രൂപം നൽകിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസ്ഥരടങ്ങുന്ന സംഘം എല്ലാ മാസവും ഓരോ ഗ്രാമപഞ്ചായത്തിലും നേരിട്ടെത്തി ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നേരത്തെ അഗളി പഞ്ചായത്തിൽ നടന്ന തുണൈ അദാലത്തിൽ ലഭിച്ച അപേക്ഷകളിന്മേൽ നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ അവലോകന യോഗത്തിൽ അറിയിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉന്നതികളുടെ ചുമതല നൽകിയിട്ടുണ്ടെന്നും, ഈ ഉദ്യോഗസ്ഥർ മേഖല സന്ദർശിച്ച് വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ കുടുംബ കേന്ദ്രീകൃത മൈക്രോപ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ ഈ മൈക്രോപ്ലാനുകൾക്ക് വേഗത്തിൽ പൂർണ്ണത കൈവരിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് തുണൈ കർമ്മപദ്ധതിയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ്.
അദാലത്തിൽ പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ഒറ്റപ്പാലം സബ് കളക്ടർ മിഥുൻ പ്രേംരാജ്, അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |