പാലക്കാട്: വാളയാറിലെ എച്ച്.ഐ.വി കേന്ദ്രം ആലത്തൂരിലേക്ക് മാറ്റിയ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ എന്ന സംഘടന പാലക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ വിധി പറയുന്നത് ജൂലായ് ഒന്നിലേക്ക് മാറ്റി. ജൂൺ 23, 26, 27 തീയതികളിൽ കോടതി വാദം കേട്ടിരുന്നു. കേന്ദ്രം പ്രവർത്തനം നിലച്ചശേഷം മൂന്നുപേരാണ് പ്രാഥമിക പരിശോധനയിൽ എച്ച്.ഐ.വി പോസിറ്റീവെന്ന് കണ്ടെത്തി ഇവിടെയെത്തി സ്ഥിരീകരണം നടത്താനാകാതെ മടങ്ങിയത്. കേന്ദ്രം തുടർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ സാമൂഹിക വിപത്തിന് കാരണമാകുമെന്ന് സംഘടനയ്ക്കുവേണ്ടി അഡ്വ.വിനോദ് കയനാട് വാദിച്ചു. സ്ഥാപനം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിട്ടുള്ള സാങ്കേതിക വശങ്ങൾ തെറ്റാണെന്ന് കോടതിയിൽ ബോധിപ്പിച്ചതായും വിനോദ് കയനാട്ട് പറഞ്ഞു.
25000 ലധികം എച്ച്.ഐ.വി ബാധിതരുള്ള കോയമ്പത്തൂരിന്റെ അതിർത്തി പങ്കിടുന്ന വാളയാറിലെ എച്ച്.ഐ.വി പരിശോധന കേന്ദ്രം മാറ്റുന്നതിനെതിരെ ജനപ്രതിനിധികൾ അടക്കം രംഗത്തുവന്നിരുന്നു. മഞ്ചേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ കെട്ടിട വാടക, വൈദ്യുതി ബിൽ എന്നിവ വഹിക്കുന്നത് ആ സംഘടന തന്നെയാണ്.
സ്ഥാപനത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട് ഉള്ളതിനാൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇവിടെ വളരെ കൂടുതലാണ്. ദിവസേന 23,000 ഓളം ചരക്ക് വാഹനങ്ങൾ വാളയാർ വഴി കടന്നു പോകുന്നതാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. അതിനാൽ ധാരാളം അന്യസംസ്ഥാന ഗതാഗത തൊഴിലാളികളും ഇവിടെയെത്തുന്നുണ്ട്. ഇവരുടെയെല്ലാം പരിശോധന സാധ്യമാക്കുന്ന ഏക സ്ഥാപനമാണിത്.
പ്രതിവർഷം ശരാശരി 13 എച്ച്.ഐ.വി ബാധിതർ
കഴിഞ്ഞ 15 വർഷങ്ങളിൽ പ്രതിവർഷം ശരാശരി 13 എച്ച്.ഐ.വി ബാധിതരെ വാളയാറിലെ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രി, വനിതശിശു ആശുപത്രി എന്നിവ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ എച്ച്.ഐ.വി പരിശോധന നടക്കുന്ന കേന്ദ്രമാണ് വാളയാറിലേത്. ജില്ലയിൽ 2800 എച്ച്.ഐ.വി ബാധിതർ ഉണ്ടെന്നാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്ക്. ഇതിൽ 60% അധികം ആളുകളുള്ളത് വാളയാർ, കൊഴിഞ്ഞാമ്പാറ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലോറി തൊഴിലാളികൾ അതിർത്തി കടന്നെത്തുന്ന അതിഥി തൊഴിലാളികൾ, മേഖലയിലെ സ്ത്രീ ലൈഗിക തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർക്കും പൊതു ജനങ്ങൾക്കും പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |