പട്ടാമ്പി: മഴ കനത്താൽ വിളയൂർ സബ് രജിസ്ട്രാർ ഓഫിസീലേക്ക് പേടിയോടെയാണ് ആളുകളെത്തുന്നത്. കനത്ത കാറ്റിലും മഴയിലും ഓഫീസ് കെട്ടിടവും വളപ്പിലെ മരങ്ങളും തലയ്ക്ക് മീതെ വീഴുമോയെന്നാണ് പേടി. ഓഫീസ് തുറന്ന് ജോലിക്ക് കയറിയാൽ വൈകിട്ട് മടങ്ങും വരെ ജീവനക്കാരും ഭീതിയിലാണ്. മഴ പെയ്തതോടെ പഴകിയ ഓടുകൾക്കിടയിലൂടെ വെള്ളം കിനിഞ്ഞിറങ്ങും. മഴ നനഞ്ഞു ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാർ. നിരന്തരം പരാതികൾ നൽകിയപ്പോൾ ടാർപായ കെട്ടി ഓട്ടയടയ്ക്കൽ മാത്രമാണ് അധികൃതർ ചെയ്തത്. പൊട്ടിയ ഓടുകൾക്ക് മീതെ നീട്ടി വലിച്ചു കെട്ടിയ ടാർപായയും കാലപ്പഴക്കത്താൽ നശിക്കാൻ തുടങ്ങിയിട്ടുണ്ട്. 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പണിതതിനു ശേഷം പിന്നീട് പുതുക്കിയിട്ടില്ല. ഓടുകൾ പൊട്ടിയപ്പോൾ ടാർ പായ വിരിച്ചു മേഞ്ഞതും സമീപത്ത് ആളുകൾക്ക് വിശ്രമിക്കാൻ ഒരു കെട്ടിടം പണിതതുമല്ലാതെ മറ്റു നവീകരണ പ്രവൃത്തികൾ ഉണ്ടായിട്ടില്ല. പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പണിയാൻ തുക അനുവദിച്ചിരുന്നുവെന്നു പറയുന്നു. എന്നാൽ ആ തുക വിളയൂരിലേക്ക് എത്തിയിട്ടില്ല. കാടുപിടിച്ചു കിടക്കുന്ന ഓഫീസ് വളപ്പ് കഴിഞ്ഞ ദിവസം വെട്ടിത്തെളിച്ചെങ്കിലും ഇഴജന്തുക്കളുടെ ശല്യം ഉണ്ടെന്നും ജീവനക്കാർ പറയുന്നു.
മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിൽ കയറിയിറങ്ങാൻ വലിയ പാടാണ്. വിലപ്പെട്ട രേഖകൾ പഴയ അലമാരകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. അലമാരകളിൽ പലതും പഴക്കം കാരണം കേടുപാടുകൾ സംഭവിച്ചവയാണ്. ഓഫീസ് വളപ്പിലെ പഴക്കം ചെന്ന മരങ്ങളും അപകടഭീഷണി ഉയർത്തുന്നു. കുലുക്കല്ലൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളും തിരുവേഗപ്പുറ, കൊപ്പം, വിളയൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധി. വസ്തു റജിസ്‌ട്രേഷൻ സംബന്ധിച്ച ഇടപാടുകൾക്കായി ദിവസവും ഒട്ടേറെ പേർ ഇവിടെ വന്നു പോകുന്നുണ്ട്. മഴ നനഞ്ഞു കെട്ടിടം തകർന്നു വീഴാൻ കാത്തു നിൽക്കാതെ ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |