പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത്
എലപ്പുള്ളി: സ്വകാര്യ ബസുകാർക്ക് എലപ്പുള്ളി എന്ന പേരിനോട് അലർജി. വർഷങ്ങളായി ഇതുവഴിയുള്ള ബസുകളുടെ ബോർഡിലൊന്നും എലപ്പുള്ളി എന്ന പേരില്ല. പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതിനെ തുടർന്ന് ആർ.ടി.ഒ ഉത്തരവിട്ടിട്ടും ഈ പേര് ബസുകളിൽ കാണാനില്ല. പേര് ഉൾപ്പെടുത്തിയില്ലെങ്കിൽ ബസ് തടയൽ ഉൾപ്പെടെ സമര പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. പാലക്കാട് നിന്ന് പാറ വഴി കൊഴിഞ്ഞാമ്പാറക്ക് പോകുന്ന ബസുകൾ എലപ്പുള്ളി വഴിയാണ് കടന്ന് പോകുന്നത്. ഗ്രാമപഞ്ചായത്ത് ആസ്ഥാനം, എലപ്പുള്ളി ടൗൺ, സ്‌കൂൾ എന്നിവടങ്ങളിൽ സ്റ്റോപ്പുകളും ഉണ്ട്. ഈ റൂട്ടിലെ പ്രധാന ജംഗ്ഷൻ കൂടിയാണ് എലപ്പുള്ളി. പക്ഷെ ബസുകളിലൊന്നും എലപ്പുള്ളി എന്ന പേര് ഇല്ല. എലപ്പുള്ളിക്ക് അടുത്തുള്ള 'പാറ' എന്ന ജംഗ്ഷന്റെ പേരാണുള്ളത്. വിവിധ ബാങ്കുകൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ്, കൃഷിഭവൻ, വിദ്യാലയങ്ങൾ തുടങ്ങിയവ എലപ്പുള്ളിയിലാണുള്ളത്. സ്ഥിരം യാത്രക്കാർ അല്ലാത്തവർക്ക് ബസ് എലപ്പുള്ളിക്ക് പോകുമോ എന്നറിയാൻ പറ്റാത്ത സ്ഥിതിയാണ്.
രണ്ട് വർഷം മുമ്പാണ് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു വിഷയം ഏറ്റെടുത്തത്. എലപ്പുള്ളി സ്‌കൂളിലെ സെന്ററിൽ പി.എസ്.സി പരീക്ഷ എഴുതാൻ വന്നവർ എലപ്പുള്ളി ബസ് കാണാതെ സ്റ്റാൻഡിൽ നെട്ടോട്ടമോടുന്ന കാഴ്ച്ച കണ്ട പ്രസിഡന്റ് ബസ് ജീവനക്കാരോട് എലപ്പുള്ളി എന്ന് വിളിച്ച് പറഞ്ഞ് ആളെ കയറ്റാൻ ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് തന്നെ ബോർഡുകളിൽ എലപ്പുള്ളി ചേർക്കണമെന്ന് പ്രസിഡന്റ് ബസ് ഉടമകളോട് രേഖാമൂലം ആവശ്യപ്പെട്ടു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് പഞ്ചായത്ത് ഭരണസമിതി ഇതേ വിഷയം ബസ് ഓണേഴ്സ് അസോസിയേഷനോട് ആവശ്യപ്പെട്ടു. എന്നിട്ടും ബോർഡിൽ എലപ്പുള്ളി എന്ന പേര് വന്നില്ല. പ്രസിഡന്റ് രേവതി ബാബു കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചു. ബസ് ബോർഡുകളിൽ എലപ്പുള്ളി ചേർക്കണമെന്ന് ആർ.ടി.ഒയോട് ആവശ്യപ്പെട്ടുള്ള പ്രമേയം താലൂക്ക് വികസനസമിതി യോഗം അംഗീകരിക്കുകയും ചെയ്തു. തുടർന്ന് പാലക്കാട് ആർ.ടി.ഒ ഈ മാസം നാലിന് ഉത്തരവിറക്കി. എന്നിട്ടും ഇതുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല. വിഷയത്തിൽ സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |