വടക്കഞ്ചേരി: മംഗലം ഡാമിൽ മണൽ രൂപത്തിൽ നിറഞ്ഞിരിക്കുന്ന കോടികളുടെ വരുമാനം കണ്ടെത്താൻ കാഴ്ചയില്ലാതെ അധികൃതർ. ടൺ കണക്കിനു മണൽ നിറഞ്ഞു സംഭരണശേഷി നശിച്ച നിലയിലാണ് മംഗലം ഡാം. മൂന്നു വർഷം മുമ്പ് റിസർവോയറിൽ നിന്നെടുത്ത മണൽ ഇപ്പോഴും കാടുമൂടി കിടക്കുകയാണ്. പാലക്കാട് ജില്ലയിലെ പ്രധാന ജലസേചന പദ്ധതിയായ മംഗലം ഡാം പദ്ധതി നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം കൊടുക്കുമെന്നാണ് വിഭാവനം ചെയ്തത്. ഈ ഡാമിലാണ് കോടികൾ വിലമതിക്കുന്ന മണൽ നിറഞ്ഞിരിക്കുന്നത്. ഡാമിന്റെ 30 ശതമാനം ഭാഗത്തും വൻ തോതിൽ മണൽ അടിഞ്ഞു കിടക്കുന്നതായി രണ്ടു വർഷം മുൻപ് കണ്ടെത്തിയിരുന്നു. ഇപ്പോൾ അത് 50 ശതമാനത്തോളം ആയിട്ടുണ്ട്. നിർമ്മാണ മേഖലയിൽ മണൽ ക്ഷാമം രൂക്ഷമായിരിക്കെയാണ് ജലസംഭരണിയിൽ കാലങ്ങളായി നിക്ഷേപിക്കപ്പെട്ട മണൽ ഉപയോഗിക്കാതെ കിടക്കുന്നത്. 1956 ൽ അന്നത്തെ മദിരാശി സർക്കാർ 106 ലക്ഷം രൂപ ചെലവഴിച്ചാണ് മംഗലംഡാം നിർമിച്ചത്.
1000 ലോഡ് മണൽ കാടുമൂടി
റിസർവോയറിൽ നിന്ന് മൂന്ന് വർഷം മുമ്പെടുത്ത് ഡാമിനു സമീപം ടൺ കണക്കിനു മണൽ സംഭരിച്ചിരുന്നു. ഈ മണൽക്കൂനകളെല്ലാം പൊന്തക്കാടുകളായി. ചെളിയിൽ നിന്നും വേർതിരിച്ച് കൂട്ടിയിട്ടിരുന്ന ആയിരത്തോളം ലോഡ് മണലാണ് പൊന്തക്കാട്ടിലായിട്ടുള്ളത്. റിസർവോയറിന്റെ കുന്നത്ത് ഗേറ്റ് ഭാഗത്താണ് മണൽകൂനകളുള്ളത്. ഡാമിലെ മണ്ണ് നീക്കം നിലച്ച് മൂന്നുവർഷം പിന്നിട്ടതോടെ പ്രദേശത്ത് മരങ്ങളും വളർന്നു. നിരീക്ഷണ കാമറകളും ലൈറ്റ് പോസ്റ്റുകളും സെക്യൂരിറ്റി ഷെഡ്ഡുകളുമെല്ലാം കാടുമൂടി. 2020 ഡിസംബർ 17നാണ് ഡാമിലെ മണ്ണുനീക്കൽ ആരംഭിച്ചത്. 36 മാസമാണ് മണ്ണ് നീക്കാനുള്ള കാലാവധിയായി നിശ്ചയിച്ചിരുന്നത്. മണ്ണെടുക്കൽ മുടങ്ങിയിട്ട് വർഷങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |