അഗളി: ഒമ്പത് വർഷം കൊണ്ട് സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയിൽ 2046.16 മെഗാവാട്ടിന്റെ വർദ്ധനവെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അഗളി കോട്ടത്തറയിൽ ജില്ലാ പഞ്ചായത്തിന്റെ ഗവ. ആടുവളർത്തൽ കേന്ദ്രത്തിലെ 450 കിലോ വാട്ട് പീക്ക് സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനശേഷിയുള്ള ജലം പുനരുപയോഗിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കും. കേരളത്തിൽ 6000 മെഗാവാട്ടിൽ കൂടുതൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സാദ്ധ്യമാണ്. വൈദ്യുതി ഇറക്കുമതി ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള 400 കെ.വി ലൈനുകൾ പൂർത്തിയാക്കുകയും ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺകൊച്ചി 400 കെവി ലൈൻ യാഥാർത്ഥ്യമാക്കുകയും ചെയ്തതിന്റെ ഫലമായി സംസ്ഥാനത്ത് ലോഡ് ഷെഡിംഗും പവർ കട്ടും പൂർണമായും ഒഴിവാക്കാനായെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി, പി.സി.നീതു, എ.ഷാബിറ, എം.പത്മിനി, പ്രീത മോഹൻദാസ്, വി.രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ സി.പി.സ്മിത തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയിൽ 2046.16 മെഗാവാട്ടിന്റെ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. ഇതിൽ, ഹൈഡൽ പ്രോജക്ടുകളിൽ മാത്രം 179.65 മെഗാവാട്ടിന്റെ അധിക ഉത്പാദന ശേഷി കൈവരിച്ചു. സൗരോർജ്ജ മേഖലയിൽ 1883 മെഗാവാട്ടിന്റെ ഉത്പാദന ശേഷി നേടിയെടുക്കാൻ സാധിച്ചു. 101 സബ് സ്റ്റേഷനുകളും ഈ കാലയളവിൽ പൂർത്തിയാക്കി. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതി നടപ്പാക്കുക വഴി രാത്രിയിലെ ഉയർന്ന ഉപഭോഗം കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകും. 500 മെഗാവാട്ട് അവർ ശേഷിയുള്ള, ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി കാസർകോട് മൈലാട്ടി 220 കെവി സബ്‌സ്റ്റേഷൻ പരിസരത്ത് 2026 ൽ പൂർത്തിയാകും. കൂടാതെ, കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |