സീറ്റ് വർദ്ധിപ്പിച്ച് എൽ.ഡി.എഫ്
തിരിച്ചടിയിൽ ഞെട്ടി ബി.ജെ.പി
തളർന്ന് വീണ് വിമതർ
മണ്ണാർക്കാട്: വീറുംവാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ മണ്ണാർക്കാട് നഗരസഭയിൽ വീണ്ടും യു.ഡി.എഫ്. 17 സീറ്റുകളിൽ വിജയിച്ചാണ് ഭരണംനിലനിറുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഒരുസീറ്റ് അധികം നേടി എൽ.ഡി.എഫും നില മെച്ചപ്പെടുത്തി. 12 സീറ്റുകളാണ് നേടിയത്. അതേസമയം, മൂന്നുസീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ ഒരുസീറ്റിലൊതുങ്ങി. ശക്തമായ മത്സരം നടന്ന ചോമേരി, വിനായക നഗർ വാർഡുകളിൽ സി.പി.എം വിജയിച്ചപ്പോൾ നെല്ലിപ്പുഴയും നമ്പിയംകുന്നും മുസ്ലിം ലീഗും ആൽത്തറ, വടക്കുമണ്ണം വാർഡുകൾ കോൺഗ്രസും നേടി. നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ പെരിമ്പടാരി വാർഡിൽ വിജയിച്ചു. കൗൺസിലർമാരായ മാസിത സത്താർ, മുഹമ്മദ് ഇബ്രാഹിം, കെ.പ്രസീത, അരുൺകുമാർ പാലക്കുറുശ്ശി എന്നിവർ പരാജയപ്പെട്ടു. സി.പി.എമ്മിനെതിരെ മത്സരിച്ച ജനകീയ മതേതര മുന്നണി സ്ഥാനാർഥികൾക്ക് നഗരസഭയ്ക്കകത്ത് കാര്യമായ ചലനമുണ്ടാക്കാനായില്ല. കോൺഗ്രസിലെ ഭിന്നത മൂലമുള്ള വിമത സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം തോരാപുരത്ത് ബി.ജെ.പിയുടെ വിജയം എളുപ്പമാക്കി.
യു.ഡി.എഫ് നേടിയ 17 സീറ്റിൽ മുസ്ലിം ലീഗ്,12, കോൺഗ്രസ്-4, കേരള കോൺഗ്രസ്-1 എന്നിങ്ങനെയാണ്. എൽ.ഡി.എഫിന്റെ 12 സീറ്റും സി.പി.എമ്മിനാണ്.
കഴിഞ്ഞ തവണ മുസ്ലിം ലീഗ് 11, കോൺഗ്രസ് മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെ 15 അംഗങ്ങളുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരിച്ചത്. പ്രതിപക്ഷത്ത് സി.പി.എം 11 ഉം ബി.ജെ.പി മൂന്നും സീറ്റ് നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |