SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.09 PM IST

ക്രിസ്മസ് കഴിഞ്ഞിട്ടും മുട്ടവില കുതിക്കുന്നു

Increase Font Size Decrease Font Size Print Page

പാലക്കാട്: ക്രിസ്മസ് കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിമുട്ട വില താഴുന്നില്ല. ഒരാഴ്ചയിലേറെയായി 8 രൂപയാണ് മുട്ടയുടെ ചില്ലറവില. കഴിഞ്ഞ മാസം വരെ 6-6.50 രൂപ വരെയുണ്ടായിരുന്ന കോഴിമുട്ട വില എട്ടു രൂപയിലെത്തിയതോടെ ഇനിയും വില കൂടുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും ഹോട്ടലുകളും തട്ടുകടക്കാരും. രാജ്യത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില 6.25 രൂപയാണ്. കേരളത്തിൽ 7.20 രൂപയ്ക്കാണ് ചെറുകിട വ്യാപാരികൾക്ക് മുട്ട ലഭിക്കുന്നത്. ഇത് ചില്ലറ വിപണിയിലെത്തുമ്പോൾ 8 രൂപയാകും. നാമക്കലിൽ ചരിത്രത്തിലാദ്യമായി മുട്ടയ്ക്ക് 6 രൂപ കടന്നത് കഴിഞ്ഞ മാസമായിരുന്നു. നവംബറിൽ വില 6.10 രൂപയും ഈ മാസാദ്യം 6.15 രൂപയും 15 നു ശേഷം 10 പൈസ കൂടി 6.25 രൂപയുമായി. മുട്ടയ്ക്ക് വില കൂടിയതോടെ ഹോട്ടലുകളും തട്ടുകടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. മുട്ടവില കൂടിയാലും ഓംലെറ്റിനും മറ്റ് മുട്ട വിഭവങ്ങൾക്കും വില കൂട്ടാനാകാത്തെ അവസ്ഥയാണ്. രണ്ട് മുട്ട ഉപയോഗിച്ചുള്ള ഓംലെറ്റിന് വർഷങ്ങളായി 30 രൂപയാണ് തട്ടുകടയിലെ വില. മുട്ടയ്‌ക്കൊപ്പം ചേ‌ർക്കുന്ന സവാള, വെളിച്ചെണ്ണ, പാചകത്തിനുപയോഗിക്കുന്ന ഗ്യാസ് തുടങ്ങി മറ്റു ചിലവുകൾ നോക്കിയാൽ ഇത് മുതലാകില്ലെന്ന് തട്ടുകടക്കാർ പറയുന്നു.
അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെവില ഇത്രയും കൂടുന്നത് ഇതാദ്യമാണ്. ആഭ്യന്തര വിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. 2022ൽ 5.35, 2023ൽ 5.50, 2024ൽ 5.65, 2025 നവംബർ-6.10, ഡിസംബർ-6.25 എന്നിങ്ങനെയാണ് നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില.

TAGS: LOCAL NEWS, PALAKKAD, EGG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY