SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

12 വർഷം; പൂർണ സജ്ജമാകാതെ പാലക്കാട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്

Increase Font Size Decrease Font Size Print Page
medical-college
പാലക്കാട് ഗവ. മെഡിക്കൽ കോളേജ്

പാലക്കാട്: സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും വിദഗ്ധ ചികിത്സ വേണമെങ്കിൽ ജനങ്ങൾ മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അപകടങ്ങളിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ വരുന്ന രോഗികളെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കോ മറ്റു ജില്ലകളിലെ ആശുപത്രികളിലേക്കോ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ആത്മഹത്യയോ കൊലപാതകമോ പോലുള്ള കേസുകളിൽ പോസ്റ്റുമോർട്ടം നടപടികൾ ജില്ല ആശുപത്രിയിലാണെങ്കിലും വിശദമായ പരിശോധന വേണമെങ്കിൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം. അപ്പോഴും ജില്ലയിലെ മെഡിക്കൽ കോളജ് പ്രയോജനപ്രദമാകുന്നില്ല. സ്വന്തമായി മെഡിക്കൽ കോളേജ് വന്നാലെങ്കിലും വർഷങ്ങളായുള്ള ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെ തുടരുകയാണ്.

2014ൽ ആണ് പട്ടികജാതി വകുപ്പിന് കീഴിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പാലക്കാട് നഗരത്തിൽ യാക്കരയ്ക്ക് സമീപം സ്ഥാപിതമായത്. എന്നാൽ നിലവിൽ വന്ന് 12 വർഷമായിട്ടും മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ സൗകര്യം ലഭ്യമായി തുടങ്ങിയിട്ടില്ല. ദിവസവും ശരാശരി ആയിരത്തിലധികം രോഗികളാണ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.

ഗൈനക്കോളജി വിഭാഗമൊഴികെയുള്ള വകുപ്പുകൾ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷ്യൽ ഒ.പികൾ ജില്ല ആശുപത്രിയിൽ തന്നെയാണ്. സർജറി, നേത്രരോഗ വിഭാഗം, ഇ.എൻ.ടി, ഓർത്തോ വിഭാഗങ്ങളിൽ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, പൾമനോളജി, ഇ.എൻ.ടി, നേത്രരോഗ വിഭാഗം, ത്വക്ക് രോഗം എന്നീ വിഭാഗങ്ങളിൽ കിടത്തിചികിത്സയുമുണ്ട്. എന്നാൽ, വിശദമായ ടെസ്റ്റ് സംവിധാനങ്ങളുൾപ്പെടെ കൂടുതൽ ചികിത്സ സൗകര്യം ഇവിടെ ഒരുക്കിയാൽ പാലക്കാട്ടുകാർക്ക് മറ്റു ജില്ലകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇത് സാമ്പത്തിക പ്രയാസവും കുറയ്ക്കും. മെഡിക്കൽ കോളജ് പൂർണമായും പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യത്തിൽ മന്ത്രിതലത്തിൽ ഇടപെടലുകളുണ്ടായിട്ടും ഇതുവരെ നടപടികളൊന്നുമായിട്ടില്ല.

TAGS: LOCAL NEWS, PALAKKAD, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY