SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

മണ്ണാർക്കാട് മണ്ഡലം തിരിച്ച് പിടിക്കാൻ എൽ.ഡി.എഫ്

Increase Font Size Decrease Font Size Print Page
mannarkkad
മണ്ണാർക്കാട് മണ്ഡലം

മണ്ണാർക്കാട്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് നീക്കം തുടങ്ങി. സ്ഥാനാർത്ഥി ചർച്ചകൾ ഫെബ്രുവരി ആദ്യവാരത്തിനു ശേഷമേ ഉണ്ടാകൂ എന്ന് നേതാക്കൾ പറയുമ്പോഴും അണിയറയിൽ പലപേരുകളും ഉയർന്നു തുടങ്ങി. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വേരോട്ടമുള്ള മണ്ഡലം കൂടിയാണ് മണ്ണാർക്കാട്. മുസ്ലിം ലീഗിൽ നടക്കുന്ന സ്ഥാനാർത്ഥി തർക്കം മണ്ഡലത്തിൽ അനുകൂലമാക്കി മാറ്റാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. മുമ്പില്ലാത്ത വിധം സി.പി.എം,​ സി.പി.ഐ ഐക്യം മണ്ണാർക്കാട് ശക്തമായതും പ്രതീക്ഷ ഉയർത്തുന്നുണ്ട്. മണ്ണാർക്കാട് സി.പി.ഐയുടെ സീറ്റാണ്. അതുകൊണ്ടുതന്നെ സി.പി.ഐ നേതാക്കളിൽ പലരുടെയും പേര് ഉയർന്നിട്ടുമുണ്ട്. മുൻ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ജോസ് ബേബി, മറ്റുനേതാക്കളായ മണികണ്ഠൻ പൊറ്റശ്ശേരി, പി.കബീർ, ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്. എന്നാൽ, ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നും അറിയിച്ചു. അനുകൂല സാഹചര്യം പരമാവധി മുതലെടുത്ത് പാർട്ടിക്ക് പുറത്തുനിന്നും പൊതുസമ്മതനായ ഒരാളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായി വിവരമുണ്ട്. ഇത്തവണ മണ്ഡലത്തിൽ വിജയിക്കുക എന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നതെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുന്നു. അതിനാൽ പാർട്ടിക്ക് പുറത്തു നിന്നുള്ള പൊതുസമ്മതനായ ആളെ പരിഗണിക്കുന്ന വിഷയമുൾപ്പെടെ വേണ്ടി വന്നാൽ ചർച്ചയാകുമെന്നും പറഞ്ഞു. മൂന്നുതവണ എം.എൽ.എയായ എൻ.ഷംസുദ്ദീൻ മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നാണ് എൽ.ഡി.എഫിന്റെ വാദം. എൽ.ഡി.എഫ് നേതൃത്വം വ്യക്തമായ നിലപാട് ഉന്നയിക്കാതിരുന്നതും പലസമയത്തും കാഴ്ചക്കാരായി നിൽക്കേണ്ടിവന്നതുമാണ് ഷംസുദ്ദീന്റെ തുടർവിജയങ്ങൾക്ക് കാരണമെന്ന അഭിപ്രായവും സി.പി.ഐ നേതാക്കൾക്കിടയിലുണ്ട്. അതേസമയം, ഇത്തവണ എൽ.ഡി.എഫിലുണ്ടായ ഐക്യം സീറ്റ് തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന വിശ്വാസവും പങ്കുവെക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തെങ്കര, കുമരംപുത്തൂർ പഞ്ചായത്തുകളിലെ വിജയവും നഗരസഭയിലെ മുന്നേറ്റവും പ്രതീക്ഷയേകുന്നു. അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിൽ കൂടി മുന്നേറ്റമുണ്ടായാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന തീരുമാനത്തിൽ സി.പി.ഐ. സംസ്ഥാന കമ്മിറ്റിയും ഇളവു നൽകിയാൽ ജോസ് ബേബിക്ക് അവസരമൊരുങ്ങുമെന്ന തരത്തിലുള്ള പ്രചരണത്തിനും ശക്തിയേറുന്നുണ്ട്.

TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY