SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

കണ്ണമ്പ്ര വ്യവസായ പാർക്ക്: അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു

Increase Font Size Decrease Font Size Print Page

പാലക്കാട്: കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് അടിസ്ഥാന സൗകര്യവികസന ജോലികൾ പുരോഗമിക്കുന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയായി മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജോലികളിലേക്ക് കടക്കുന്നത്. വ്യവസായ പാർക്കിനു സമീപം പീച്ചി വാഴാനി വന്യജീവി സങ്കേതമുള്ളതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനുള്ള നടപടികളും കരാർ നടപടികളും നീണ്ടതാണ് ജോലികൾ വൈകാനിടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് വ്യവസായ പാർക്കിന് ഭൂമി ഏറ്റെടുത്ത് നൽകിയത്. അടിസ്ഥാന സൗകര്യ വികസനമൊരുക്കുന്നത് കേന്ദ്ര സർക്കാരാണ്. കിൻഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്. ഭോപാൽ ആസ്ഥാനമായിട്ടുള്ള ദിലിപ് ബിൽഡ്‌കോൺ കമ്പനിയാണ് ജോലികൾ കരാറെടുത്തിട്ടുള്ളത്. 45 മാസമാണ് കരാർ കാലാവധി. വ്യവസായ പാർക്കിനായി കണ്ണമ്പ്രയിൽ ദേശീയപാതയോടു ചേർന്ന് 312 ഏക്കറാണ് ഏറ്റെടുത്തിട്ടുള്ളത്. റോഡ്, കെട്ടിടങ്ങൾ, കുടിവെള്ളം, വൈദ്യുതി, മലിനജല ശുദ്ധീകരണ പ്ലന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുന്നത്. തുടർന്ന് വിവിധ വ്യവസായങ്ങൾ ആരംഭിക്കാൻ കരാറടിസ്ഥാനത്തിൽ സ്ഥലം നൽകും. ഭക്ഷ്യ ഉത്പന്ന കമ്പനികളാണ് പ്രധാനമായും വ്യവസായ പാർക്കിൽ ആരംഭിക്കുക.

 4000 പേർക്ക് നേരിട്ട് തൊഴിൽ

ദേശീയപാത 544ന് സമീപം 2,000 കോടി രൂപ ചെലവഴിച്ചാണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. ഒമ്പത് മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് ഇവിടെ ഒരുക്കുന്നത്. ഭക്ഷ്യം, ലഘു എൻജിനീയറിംഗ്, രത്നാഭരണം, പ്ലാസ്റ്റിക് ഇവേസ്റ്റ് സംസ്‌കരണം, ഖരമാലിന്യ പുനരുപയോഗം, എണ്ണയും പ്രകൃതിവാതകവും, ഇലക്‌ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് എന്നിവയാണ് വ്യവസായ ക്ലസ്റ്ററുകൾ. 4000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന തരത്തിലാണ് വ്യവസായ പാർക്ക് പ്രവർത്തനസജ്ജമാക്കുക. നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

TAGS: LOCAL NEWS, PALAKKAD, INDUSTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY