പാലക്കാട്: അപകടാവസ്ഥയിലുള്ള പാലക്കാട് ടൗൺ സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി ഷോപ്പിംഗ് കോംപ്ലക്സ് സഹിതമുള്ള പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ തയ്യാറെടുത്ത് പാലക്കാട് നഗരസഭ. ഇതിനായി നഗരസഭ എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിന് അവസാന കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. പാർക്കിംഗ് സൗകര്യം സഹിതമാണു പുതിയ സ്റ്റാൻഡ് സജ്ജമാക്കുക. സമീപത്തായി മൾട്ടി ലവൽ പാർക്കിംഗ് കേന്ദ്രവും ഒരുക്കും. പാലക്കാട് വലിയങ്ങാടിയുടെ വികസനത്തോടൊപ്പം ലോക്കൽ ഏരിയ ഡവലപ്‌മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് സഹിതമുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുക. ഫണ്ട് അനുവദിക്കുന്ന മുറയ്ക്കു തുടർ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് വ്യക്തമാക്കി. അതിനു മുമ്പ് കോംപ്ലക്സിലെ വ്യാപാരികളുമായി നഗരസഭ ചർച്ച നടത്തും. ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ചുനീക്കണമെന്നും എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. നിലവിലെ ബസ് സ്റ്റാൻഡ് ഉയരം കുറച്ച് അപകട ഭീഷണി ഒഴിവാക്കിയാകും പുതിയതു നിർമ്മിക്കുക.
മേലാമുറി പി.എച്ച്.സിയുടെ മുഖംമാറും
മേലാമുറി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കും. ഇതോടൊപ്പം ആലാംകോടുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് സുന്ദരം കോളനിയിൽ നഗരസഭയുടെ സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിക്കും. ഇരു പദ്ധതികൾക്കുമായി 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മേലാമുറി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സമീപത്തുള്ള നഗരസഭാ സ്ഥലം കൂടി അനുവദിക്കുന്നതും പരിഗണനയിലാണ്.
വാട്ടർ അതോറിറ്റി കാര്യക്ഷമമാകണം
നഗരത്തിലെ ശുദ്ധജല ലഭ്യതയിൽ ജല അതോറിറ്റിക്കെതിരെ പരാതികൾ പതിവാകുന്നു. പൈപ് പൊട്ടിയത് അറിയിച്ചാൽ പോലും സമയത്ത് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും വടക്കന്തറ മനയ്ക്കൽത്തൊടി മേഖലകളിലുൾപ്പെടെ ശുദ്ധജലക്ഷാമമെന്നും പരാതികൾ വ്യാപകമാണ്. നഗരസഭാംഗങ്ങളുടെയും ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ അറിയിച്ചു. ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് നിർമ്മാണം നഗരത്തിൽ നിന്നുള്ള ജലമൊഴുക്കിനെ ബാധിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സംയുക്ത പരിശോധനയ്ക്ക് നഗരസഭ റെയിൽവേയ്ക്കു കത്തുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |