കഞ്ചിക്കോട്: പാലക്കാട് ജില്ലയിൽ ചൂട് കൂടുന്നതിനിടെ വാട്ടർ എ.ടി.എമ്മുകളിൽ വെള്ളമില്ലെന്ന പരാതികളും ഉയരുന്നു. ദേശീയ പാതയോരത്ത് കഞ്ചിക്കോട് ആശുപത്രിക്ക് മുമ്പിലും കഞ്ചിക്കോട് ജംഗ്ഷനിൽ വഴിയിടത്തോട് ചേർന്നും സ്ഥാപിച്ചിട്ടുള്ള വാട്ടർ എ.ടി.എമ്മുകളാണ് പ്രവർത്തന രഹിതമായത്. വാട്ടർ എ.ടി.എമ്മുകളുടെ പ്രവർത്തനം നിലച്ചത് പ്രദേശവാസികൾക്കും ദീർഘ ദൂര യാത്രക്കാർക്കും ഒരുപോലെ വിഷമകരമായി. മലമ്പുഴ ബ്ലോക് പഞ്ചായത്ത് ആണ് എ.ടി.എം സ്ഥാപിച്ചത്. ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്ററും അഞ്ച് രൂപ നാണയം ഇട്ടാൽ അഞ്ച് ലിറ്ററും വെള്ളം കിട്ടുന്ന വാട്ടർ എ.ടി.എമ്മുകളാണിവ. ഫിൽറ്റർ ചെയ്ത് തണുപ്പിച്ച വെള്ളം ആണ് വാട്ടർ എ.ടി.എം വഴി വിതരണം ചെയ്തിരുന്നത്. അമിത വില നൽകി കുപ്പി വെളളം വാങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന വാട്ടർ എ.ടി.എം ജനങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന വാട്ടർ എ.ടി.എമ്മുകൾ അടുത്തകാലത്തായി ഇടക്കിടെ തകരാറായി തുടങ്ങി. തകരാറുകൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പരിമിതി. തൃശൂരിൽ നിന്നും സർവീസ് ടീം എത്തിയാണ് മെഷീൻ പ്രവർത്തന സജ്ജമാക്കുന്നത്. വാട്ടർ എ.ടി.എം പ്രവർത്തനം നിലച്ച വിവരം അറിയിച്ചാൽ ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞേ സർവീസ് ടീം എത്താറുള്ളു എന്ന് പ്രദേശവാസികൾ പറയുന്നു. ഇവർ നന്നാക്കി മടങ്ങുമ്പോഴേക്കും വീണ്ടും മെഷീനുകൾ തകരാറാക്കുന്ന സ്ഥിതിയാണ്. വാട്ടർ എ.ടി.എമ്മുകൾ തകരാറാകുന്നതിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന സംശയം ജനങ്ങൾക്കുണ്ട്. ഇത് ഉറപ്പ് വരുത്താൻ വാട്ടർ എ.ടി.എം പരിസരത്ത് സി.സി.ടി വി സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |