SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ

Increase Font Size Decrease Font Size Print Page
railway
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടിയ ശേഷം.

 പൂർത്തിയായത് പ്ലാറ്റ്‌ഫോം നീളം കൂട്ടൽ മാത്രം

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽപാതയിലെ പ്രധാന സ്റ്റേഷനായ കൊല്ലങ്കോട് സ്റ്റേഷനിൽ വലിയ ട്രെയിനുകൾ നിറുത്താൻ സൗകര്യമൊരുക്കി പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടിയെങ്കിലും മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കാത്തത് തിരിച്ചടിയാകുന്നു. നിലവിൽ തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ്, പാലക്കാട്-തിരുച്ചെന്തൂർ എക്സ്‌പ്രസ്, പാലക്കാട്-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് എന്നിവയ്ക്ക് കൊല്ലങ്കോട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചുണ്ട്. കഴിഞ്ഞ മാസമാണ് പാലക്കാട്-ചെന്നൈ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചത്.

പ്ലാറ്റ്ഫോം നീളം കൂട്ടിയതോടെ 23 കോച്ചുകളുള്ള ട്രെയിൻ പ്ലാറ്റ്‌ഫോമിനകത്തു നിറുത്താനുള്ള സൗകര്യമായി. മുമ്പ് പ്ലാറ്റ്‌ഫോമിന് നീളം കുറവായിരുന്നതിനാൽ ട്രെയിനിന്റെ എൻജിനും രണ്ടു കംപാർട്ട്‌മെന്റും പുറത്തായിരുന്നു. ഇതുമൂലം യാത്രക്കാർക്ക് ഇറങ്ങാനും കയറാനുമുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് കേരള കൗമുദി പലതവണ വാർത്ത നൽകിയിരുന്നു. തുടർന്ന് പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. 450 മീറ്റർ പ്ലാറ്റ്ഫോം 130 മീറ്റർ നീളം കൂട്ടി 580 മീറ്റർ ആക്കി വർദ്ധിപ്പിച്ചു. എന്നാൽ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂര പണിയാത്തതും വേണ്ടത്ര ലൈറ്റുകൾ സ്ഥാപിക്കാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിറുത്തുമ്പോൾ യാത്രക്കാർക്ക് കോച്ചുകൾ തിരിച്ചറിയാൻ പ്ലാറ്റ്ഫോമിൽ നമ്പർ ബോർഡുകൾ ഇല്ലാത്തതും കുടിവെള്ളം സൗകര്യമില്ലാത്തതും വാഹനങ്ങൾ പാർക്കിംഗ് സൗകര്യമില്ലാത്തതുമെല്ലാം ഏറെ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. തകർന്ന റെയിൽവേ സ്റ്റേഷനിലെ ബോർഡുകൾ പുനഃസ്ഥാപിക്കാത്തതും വെളിച്ചമില്ലാത്തതും ഉൾപ്പെടെ നിരവധി പണികൾ റെയിൽവേ ഇവിടെ പൂർത്തിയാക്കാനുണ്ട്.

TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY