SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

നെന്മാറ പിടിക്കാൻ മുന്നണികൾ, അണിയറ ഒരുക്കങ്ങൾ സജീവം

Increase Font Size Decrease Font Size Print Page

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നെന്മാറ മണ്ഡലത്തിൽ ഇത്തവണ ആര് വിജയക്കൊടിയുയർത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഹൈറേഞ്ച് ആയ നെല്ലിയാമ്പതിയും ട്രൈബൽ ഏരിയയായ പറമ്പിക്കുളവും മാംഗോസിറ്റിയായ മുതലമടയും ഉൾപ്പെടുന്ന നെന്മാറ, മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും തുണച്ചത് ഇടതിനെ മാത്രമാണ്. മണ്ഡല പുനർനിർണയത്തിനു മുൻപ് രണ്ടു തവണ കോൺഗ്രസിന് എം.എൽ.എയെ നൽകിയ മണ്ഡലം കൂടിയാണിത്. കൊല്ലങ്കോട് നിയമസഭാ മണ്ഡലം 2008ലെ മണ്ഡലം പുനർനിർണയത്തിലാണ് നെന്മാറയായത്. കഴിഞ്ഞ 3 തവണത്തെയും പോലെ വോട്ടർമാർ ഇത്തവണയും തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മറുവശത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2016ലെ തിരഞ്ഞെടുപ്പിൽ ആദ്യമായി നിയമസഭയിലേക്കു ജനവിധി തേടി വിജയിച്ച സി.പി.എമ്മിലെ കെ.ബാബു തന്നെയാണ് 2021ലും വിജയിച്ചത്. ഘടക കക്ഷിയായ സി.എം.പിയുടെ സി.എൻ.വിജയകൃഷ്ണൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി. എൻ.ഡി.എ ടിക്കറ്റിൽ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗാണു മത്സരിച്ചത്. വമ്പൻ മുന്നേറ്റത്തോടെ കെ.ബാബു തന്നെ വീണ്ടും വിജയക്കൊടി ഉയർത്തി. 28,704 ആയിരുന്നു ഭൂരിപക്ഷം.

 തദ്ദേശത്തിൽ അല്പം മേൽക്കൈ ഇടതിന്

തദ്ദേശ തിരഞ്ഞെടുപ്പിൽ അല്പമൊന്ന് വിയർത്തെങ്കിലും നെന്മാറയുടെ ഇടതുകോട്ടയിൽ വലിയ കോട്ടം തട്ടിയിട്ടില്ലെന്നതാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്ന ഘടകം. മണ്ഡലത്തിലെ 10 പഞ്ചായത്തിൽ ആറും എൽ.ഡി.എഫാണ് ഭരിക്കുന്നത്. 4 പഞ്ചായത്തുകൾ യു.ഡി.എഫും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫിന് 11,000 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്.

എന്നാൽ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് ലീഡ് ലഭിച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെന്മാറ. അതിനാൽ ഒത്തുപിടിച്ചാൽ വിജയം ഉറപ്പിക്കാം എന്നുമുള്ള ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ഉയർത്തിക്കൊണ്ടുവരുന്ന എൻ.ഡി.എ മികച്ച മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

രണ്ട് ടേം പിന്നിടുന്ന നിലവിലെ എം.എൽ.എ കെ.ബാബു മത്സരിച്ചില്ലെങ്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.കെ.രാജേന്ദ്രന്റെ പേരു പരിഗണനയിലുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രേമന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെയും പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. യു.ഡി.എഫ് കഴിഞ്ഞ തവണ ഘടക കക്ഷിക്ക് കൊടുത്ത സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ പേര് പരിഗണിക്കുന്നുണ്ട്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് തന്നെയായിരിക്കും മത്സരിക്കുക.

 നെന്മാറയിൽ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ- നെല്ലിയാമ്പതി, എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, മുതലമട, കൊടുവായൂർ.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ- നെന്മാറ, അയിലൂർ, വടവന്നൂർ, പുതുനഗരം.

TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY