കഞ്ചിക്കോട്: മറ്റെല്ലാ മേഖലയിലും മികവ് പ്രകടിപ്പിക്കുമ്പോഴും മാലിന്യപ്രശ്നം മാത്രം പുതുശ്ശേരി പഞ്ചായത്തിന് തീരാത്തലവേദനയായി തുടരുന്നു. പഞ്ചായത്തിൽ മറ്റിടങ്ങളിലെ മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുമ്പോഴും പുതുശ്ശേരിയിലൂടെ കടന്നുപോകുന്ന വാളയാർ-പാലക്കാട് ദേശീയപാതയിലെ മാലിന്യം തള്ളലാണ് നിർബാധം തുടരുന്നത്. വൻ തോതിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡുകളും സി.സി.ടി.വി കാമറകളുമെല്ലാം സ്ഥാപിച്ചെങ്കിലും അതിനു മുന്നിലും മാലിന്യം തള്ളുന്ന സ്ഥിതിയാണിപ്പോൾ. ദേശീയ പാതയരികിൽ പുതുശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിന് ചുറ്റുമാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്. മുന്നറിയിപ്പ് ബോർഡിന് ചുറ്റും മാത്രമല്ല, ദേശീയ പാതയരികിൽ ഉടനീളം മാലിന്യം തള്ളിയിട്ടുണ്ട്.
കഴിഞ്ഞ ഭരണസമിതി ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. വീടുകളിലെ മാലിന്യങ്ങൾ കൃത്യമായി നീക്കാനും ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്താനും കഴിഞ്ഞു. പക്ഷെ ദേശീയ പാതയോരത്തെ മാലിന്യനിർമ്മാർജനം പഞ്ചായത്തിന് വലിയൊരു കടമ്പയായിരുന്നു. മറ്റ് പ്രദേശങ്ങളിലുള്ളവർ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നതാണ് ദേശീയപാതയിലെ പ്രധാന പ്രശ്നം. പുതുശ്ശേരിക്കാർക്ക് ഇതിൽ യാതൊരു പങ്കുമില്ലെങ്കിലും ഇതിന്റെ ഉത്തരവാദിത്വം മുഴുവൻ പഞ്ചായത്തിനാണ്. പഞ്ചായത്തിന്റെ മുന്നറിയിപ്പ് ഒട്ടും വകവെക്കാതെയാണ് ദേശീയ പാതയരുകിൽ മാലിന്യം തള്ളൽ തുടരുന്നത്. മാലിന്യം തള്ളുന്നവർ മുന്നറിയിപ്പ് ബോർഡിന് ചുറ്റും മാലിന്യം വിതറിക്കൊണ്ടാണ് പഞ്ചായത്തിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിക്കുന്നത്. സി.സി.ടി.വി സ്ഥാപിച്ച സ്ഥലത്തും മാലിന്യം വിതറുന്നത് പതിവായിട്ടുണ്ട്. ഇതോടെ ദേശീയ പാതയരുകിലെ മാലിന്യ പ്രശ്നത്തിൽ ഹൈവേ അതോറിറ്റിയുടെ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |