കേരള കൗമുദി വാർത്ത തുണയായി
കഞ്ചിക്കോട്: തകർന്ന് കിടക്കുന്ന സത്രപ്പടി-പാറ റോഡ് നന്നാക്കാൻ എം.എൽ.എയുടെ ഇടപെടൽ. എ.പ്രഭാകരൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വകയിരുത്തിയ പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ഉടൻ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങാൻ എം.എൽ.എ നിർദേശം നൽകി. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ദുരവസ്ഥ ഫെബ്രുവരി 21ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അന്നുതന്നെ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സത്രപ്പടി-പാറ റോഡ് അറ്റകുറ്റപ്പണി തുടങ്ങുന്നതിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനായി പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഉടൻ ടെണ്ടർ വെച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. സംഘത്തിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശെൽവൻ കഞ്ചിക്കോടും ഉണ്ടായിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ സത്രപ്പടി ജംഗ്ഷനിലെ കുഴി, ബീവറേജസ് ജംഗ്ഷനിലെ റോഡ് തകർച്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വ്യവസായ മേഖലയിലെ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ റോഡുകളുടെയും പണി ത്വരിതഗതിയിലാക്കാൻ എം.എൽ.എ നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മേനോൻപാറ-ചുള്ളിമട റോഡ് പണി പൂർത്തിയാകുന്നതോടെ വ്യവസായ മേഖലയിലേക്ക് ചരക്ക് വാഹനങ്ങൾക്ക് സുഗമമായി കടന്ന് വരാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |