SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.33 AM IST

തദ്ദേശ മുന്നേറ്റത്തിൽ യു.ഡി.എഫ്; ഉറച്ച കോട്ടയെന്ന് എൽ.ഡി.എഫ്

Increase Font Size Decrease Font Size Print Page

 ശക്തമായ പോരാട്ടത്തിന് തരൂർ മണ്ഡലം

വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ ശ്രദ്ധേയമായ നിയമസഭാ മണ്ഡലങ്ങളിലൊന്നായ തരൂർ ഇത്തവണ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം ആത്മവിശ്വാസമാക്കി യു.ഡി.എഫ് ഇറങ്ങുമ്പോൾ 'ഇടതുകോട്ട' ഇക്കുറിയും തങ്ങൾക്കൊപ്പമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. കണ്ണമ്പ്ര,​ കാവശ്ശേരി,​ കോട്ടായി,​ കുത്തനൂർ,​ പെരിങ്ങോട്ടുകുറുശ്ശി,​ പുതുക്കോട്,​ തരൂർ,​ വടക്കഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തരൂർ നിയമസഭാ മണ്ഡലം. 2011ൽ മണ്ഡലം രൂപീകരിച്ചതുമുതൽ എൽ.ഡി.എഫിനാണ് ഇവിടെ മേൽക്കൈ. മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ മുൻനിറുത്തിയായിരിക്കും ഇടതുപക്ഷത്തിന്റെ പ്രചാരണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും വോട്ടുശതമാനത്തിൽ നേരിയ ഇടിവുണ്ടായി. 2016ൽ 52.25 ശതമാനമായിരുന്ന വോട്ടുശതമാനം 2021ൽ 51.58 ശതമാനമായി കുറഞ്ഞത് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 24,531 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പി.പി.സുമോദ് വീണ്ടും ഇടത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ. ആലത്തൂർ മുൻ എം.പി പി.കെ.ബിജുവിന്റെ പേരും ചർച്ചയിലുണ്ട്. മറുവശത്ത് യു.ഡി.എഫിൽ മുൻ എം.പി രമ്യ ഹരിദാസിന്റെ പേര് പ്രധാന പരിഗണനയിലുണ്ട്. സർവീസ് സംഘടനാ നേതാവ് കെ.സി.സുബ്രഹ്മണ്യൻ, മുമ്പ് രണ്ടുതവണ മത്സരിച്ച സി.പ്രകാശൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ആലത്തൂർ എം.പി. എന്ന നിലയിൽ മണ്ഡലത്തിൽ വൻ സ്വീകാര്യത നേടിയ രമ്യ ഹരിദാസിനാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ശക്തമായ പിന്തുണയെന്നു വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട വടക്കഞ്ചേരി, പുതുക്കോട് പഞ്ചായത്തുകളിൽ ഭരണം പിടിച്ചതും കുത്തനൂ‌ർ നിലനിറുത്തിയതും യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. കോട്ടായിയിൽ ഒപ്പത്തിനൊപ്പമെത്തിയതും നേട്ടമായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മുഴുവൻ സീറ്റും നേടിയ കണ്ണമ്പ്ര യു.ഡി.എഫിന് പ്രധാന വെല്ലുവിളിയാണെന്നതാണ് വിലയിരുത്തൽ. എൻ.ഡി.എയും മത്സരരംഗത്ത് സജീവമാണ്. ബി.ജെ.പി. വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീരാജ് വള്ളിയോട് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ. 2016ൽ 12.07 ശതമാനമായിരുന്ന വോട്ടുവിഹിതം 2021ൽ 14.06 ശതമാനമായി ഉയർന്നതും എൻ.ഡി.എയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് പഞ്ചായത്തുകളിലായി 15 വാർഡുകൾ നേടിയതും അവർ ശക്തമായി പ്രചരിപ്പിക്കുന്നു.

രാഷ്ട്രീയ ചൂട് പടരുന്ന തരൂരിൽ ഇത്തവണ ത്രികോണ മത്സരം കടുക്കുമെന്നാണു പൊതുവായ വിലയിരുത്തൽ. തദ്ദേശഫലങ്ങളുടെ പ്രവണത നിയമസഭാ പോരാട്ടത്തിൽ പ്രതിഫലിക്കുമോ, അതോ ഇടതുകോട്ട വീണ്ടും ഉറപ്പിക്കുമോ എന്നതിലാണ് രാഷ്ട്രീയകേരളത്തിന്റെ കണ്ണുകൾ.

TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.