കഞ്ചിക്കോട്: കൊച്ചി-ബെംഗളൂരു ഇടനാഴിക്ക് സ്ഥലം നൽകിയ കർഷകർ പ്രതിസന്ധിയിൽ. സ്ഥലം സർക്കാർ ഏറ്റെടുത്തുവെങ്കിലും കർഷകർക്ക് ഇതുവരെ നയാപൈസ കിട്ടിയില്ല. ഫണ്ട് വരുമ്പോൾ നൽകുമെന്ന മറുപടി കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സ്ഥലം സർക്കാർ ഏറ്റെടുത്തതിനാൽ അവിടെ കൃഷിയിറക്കാനും പറ്റില്ല. ഏറ്റെടുത്ത ഭൂമിയായതിനാൽ ഈട് വെച്ച് ബാങ്ക് വായ്പയെടുക്കാനും കഴിയില്ല. കൊച്ചി-ബെംഗളൂരു ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് 1710 ഏക്കർ സ്ഥലം ഏറ്റെടുത്തത്. ഇതിൽ പുതുശ്ശേരി വെസ്റ്റ് വില്ലേജ് ബ്ലോക് 30ൽ ഉൾപ്പെട്ട വലിയ ഏരി പാടശേഖര സമിതിയിലെ 260 ഏക്കർ സ്ഥലത്തിനാണ് ഇനിയും വില ലഭിക്കാത്തത്. ഇത് അവസാന ഘട്ടം ഏറ്റെടുത്ത ഭൂമിയാണ്. ഫണ്ട് വരുന്ന മുറയ്ക്ക് പണം നൽകുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷെ ഫണ്ട് വന്നില്ല. വലിയേരി പാടശേഖര സമിതിയിലെ കർഷകർ ഇത് സംബന്ധിച്ച് സ്ഥലമെടുപ്പ് ചുമതലയുള്ള സ്പെഷ്യൽ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. 2025 സെപ്തംബർ 24ന് സ്പെഷ്യൽ തഹസിൽദാർ നൽകിയ മറുപടിയിൽ കിൻഫ്രയിൽ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാമെന്നാണ് അറിയിച്ചത്. ദ്രുതഗതിയിൽ നടപടികളുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ അഞ്ച് മാസം പിന്നിടുമ്പോൾ കാര്യങ്ങൾ പഴയ സ്ഥിതിയിൽ തന്നെയാണ്. സ്ഥലത്തിന്റെ ആധാരവും സ്ഥലം ഏറ്റെടുത്ത വിജ്ഞാപനത്തിന്റെ പകർപ്പും കൈവെച്ച് നെടു വീർപ്പിടുകയാണ് കർഷകർ. ഏറ്റെടുത്ത ഭൂമിയുടെ വില എത്രയും വേഗം നൽകണമെന്ന് വലിയേരി പാടശേഖര സമിതിയും സ്ഥലം നൽകിയ കർഷകരിലൊരാളുമായ പി.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. 1710 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ വലിയ ഏരി പാടശേഖര സമിതിയിലെ കർഷകർക്ക് മാത്രമാണ് പണം കിട്ടാനുള്ളത്. കൃഷിഭൂമി ഏറ്റെടുത്ത തോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കർഷകർ. വായ്പ പോലും എടുക്കാൻ പറ്റുന്നില്ല. ഭൂമിയുടെ വില കിട്ടിയാൽ മാത്രമെ കർഷകർക്ക് മറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്താനാവുകയുള്ളുവെന്നും ബാലകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |