SignIn
Kerala Kaumudi Online
Saturday, 25 April 2026 8.54 AM IST

കോങ്ങാട്ടെ കോട്ടയിൽ വിജയക്കൊടിപ്പാറിക്കാൻ മുന്നണികൾ

Increase Font Size Decrease Font Size Print Page

kongad

പാലക്കാട്: കല്ലടിക്കോടൻ മലയാണു കോങ്ങാട് മണ്ഡലത്തിന് അതിരിടുന്നത്. മല പോലെ ഉറപ്പുള്ള പാർട്ടി വിശ്വാസവും മണ്ണിനെ വിയർപ്പു കൊണ്ടു നനയ്ക്കുന്ന കർഷകസമൂഹവുമുള്ള കോങ്ങാട് ഇത്തവണ ആർക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കും. മനോഹരമായ ഭൂപ്രകൃതിയോടൊപ്പം കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളുടെയും നാടുവാഴിത്തത്തിനെതിരായ സമരങ്ങളുടെയും ചരിത്രംകൂടി കോങ്ങാടിന്റെ വേരുകളിലുണ്ട്. തരൂരിനൊപ്പം 2008ലെ മണ്ഡല പുനർനിർണയത്തോടെ പഴയ ശ്രീകൃഷ്ണപുരമാണ് കോങ്ങാട് മണ്ഡലമായി മാറിയത്. ജില്ലയിലെ രണ്ടു സംവരണമണ്ഡലങ്ങളിലൊന്ന്. അതിർത്തിയായ കല്ലടിക്കോടൻ മലയുടെ ഉറപ്പുമായി കാറ്റിലും കോളിലും ഉലയാതെ തുടക്കം മുതൽ ഇടതുപക്ഷത്തോടൊപ്പം മണ്ഡലം നിലയുറച്ചു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടിയാണ് കോങ്ങാട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ശാന്തകുമാരി വിജയിച്ചത്. ശാന്തകുമാരിക്ക് 67,881 യു.ഡി.എഫിന്റെ സ്ഥാനാർത്ഥി യു.സി.രാമന് 40,662, എൻ.ഡി.എ സ്ഥാനാർത്ഥി എം.സുരേഷ് ബാബുവിന് 27,661 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. യു.ഡി.എഫിന് 2016നെ അപേക്ഷിച്ച് 2021ൽ വോട്ട് കുറഞ്ഞിരുന്നു. എങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് പ്രതീക്ഷപകരുന്നതാണ്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

 മണ്ഡല ചരിത്രം

1965ലാണ് ശ്രീകൃഷ്ണപുരം നിയോജക മണ്ഡലം രൂപംകൊണ്ടത്. പ്രഥമ തിരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി 1965, 1967, 1970 വർഷങ്ങളിൽ സി.പി.എമ്മിന്റെ സി.ഗോവിന്ദപണിക്കർ ജനപ്രതിനിധിയായി. 1977ൽ കോൺഗ്രസിന്റെ കെ.സുകുമാരനുണ്ണിയും 1980ൽ കെ.ശങ്കരനാരായണനും വിജയിച്ചെങ്കിലും 1982ൽ ഇ.പത്മനാഭനിലൂടെ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും 1991ലും കോൺഗ്രസിലെ പി.ബാലനിലൂടെ യു.ഡി.എഫ് വിജയിച്ചെങ്കിലും പിന്നീട് അതിനുള്ള അവസരമുണ്ടായില്ല. 1996ലും 2001ലും ഗിരിജ സുരേന്ദ്രനും 2006ൽ കെ.എസ്.സലീഖയും യു.ഡി.എഫിന്റെ വിജയത്തിന് അന്തിമവിരാമമിട്ടു. മൂന്നുതവണ പാലക്കാട് ലോക്സഭ സീറ്റിൽ വിജയിച്ച വി.എസ്.വിജയരാഘവനാണ് 2001ൽ ഗിരിജ സുരേന്ദ്രനോട് തോറ്റത്. കോങ്ങാട് രൂപീകരിച്ച ശേഷം 2011ൽ കെ.വി.വിജയദാസ് വിജയിച്ചു. 2016ൽ ഭൂരിപക്ഷം 13,271 ആയി ഉയർത്തി. 2021ൽ കെ.ശാന്തകുമാരി 27,219 വോട്ടുകൾക്കാണ് ലീഗിന്റെ യു.സി.രാമനെ പരാജയപ്പെടുത്തിയത്.

ശാന്തകുമാരിക്ക് രണ്ടാം ഊഴം

സിറ്റിംഗ് എം.എൽ.എ. കെ.ശാന്തകുമാരിതന്നെയാവും കോങ്ങാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി. മണ്ഡലത്തിൽ എം.എൽ.എ സജീവ സാന്നിദ്ധ്യവുമാണ്. യു.ഡി.എഫ് കഴിഞ്ഞതവണ കോങ്ങാട് മണ്ഡലം മുസ്ലിംലീഗിന് വിട്ടുനൽകിയിരുന്നു. എന്നാൽ, ഇത്തവണ കോൺഗ്രസ് തന്നെ മത്സരിക്കട്ടെയെന്ന നിലപാടാണ് ലീഗിന്. ലീഗ് ജില്ലാനേതൃത്വം ഇത് വ്യക്തമാക്കിയിരുന്നു. ചർച്ചകളൊന്നും നടന്നിട്ടില്ല. എങ്കിലും സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിച്ചേക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ.തുളസി, മുൻ എം.പി.രമ്യാഹരിദാസ് എന്നീ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. പുതുമുഖങ്ങൾ വരുന്ന സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കെ.എ.തുളസിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.

എൻ.ഡി.എയിൽ ഔദ്യോഗിക ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. സംവരണ മണ്ഡലമായതിനാൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷിനെ മണ്ഡലത്തിലെത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. രേണു സുരേഷാണെങ്കിൽ മണ്ഡലത്തിൽ പുതുമുഖമല്ല. 2016ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കഴിഞ്ഞതവണ മത്സരിച്ച എം.സുരേഷ് ബാബുവിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.

 2021ലെ വോട്ടുനില

ശാന്തകുമാരി (എൽഡി.എഫ്) - 67881
യു.സി.രാമൻ (യു.ഡി.എഫ്) - 40662

എം.സുരേഷ് ബാബു ( എൻ.ഡി.എ) - 27,661

ഭൂരിപക്ഷം - 27219

കോങ്ങാട്, കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കേരളശ്ശേരി, മണ്ണൂർ, മങ്കര, പറളി എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. ഇതിൽ അഞ്ച് പഞ്ചായത്തുകളിൽ എൽ.ഡി.എഫും മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫും ഭരിക്കുന്നു. പറളിയിൽ എൽ.ഡി.എഫും എൻ.ഡി.എയും ഒപ്പത്തിനൊപ്പമാണ്.

TAGS: LOCAL NEWS, PALAKKAD, KONGAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.