ഷൊർണൂർ: തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ഗണേഷ്ഗിരി പമ്പ് ഹൗസ് റോഡിലെ തോട് നവീകരിച്ചു. വർഷങ്ങളായി ഇടിഞ്ഞുതകർന്ന് കുറ്റിച്ചെടികളും മരങ്ങളും വളർന്നു നാശത്തിന്റെ വക്കിലായിരുന്നു തോട്. നഗരസഭയിലെ 23-ാം വാർഡിലെ പമ്പ് ഹൗസ് റോഡിനുവശത്തെ തോട് ആഴ്ചകളായുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ പരിശ്രമഫലമായാണ് നവീകരിച്ചത്. മഞ്ഞക്കാട് ഭാഗത്തുനിന്നാരംഭിച്ച് രണ്ട് കിലോമീറ്ററിലധികം നീളംവരുന്ന തോട് ഭാരതപ്പുഴയിലാണ് എത്തിച്ചേരുന്നത്. പല തവണയുണ്ടായ പ്രളയങ്ങളിൽ തോട് ഗതിമാറിയൊഴുകി സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ അടിഞ്ഞുകൂടിയതോടെയാണ് തോടിന്റെ ഒഴുക്ക് നഷ്ടപ്പെട്ട് ഉപയോഗശുന്യമായത്. റെയിൽവേയുടെ സ്ഥലത്തു കൂടിയാണ് തോടിന്റെ ഭൂരിഭാഗവും ഒഴുകുന്നത്. അതിനാൽ നഗരസഭയും റെയിൽവേയും സഹകരിച്ച് തോടിന്റെ അരികുഭിത്തി ഉൾപ്പെടെ നവീകരിക്കാൻ പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം നഗരസഭയുടെയും റെയിൽവേ അധികൃതരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർഡ് കൗൺസിലർ ഇ.പി.നന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |