പാലക്കാട്: ദേശീയപാതകളിൽ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഊർജ്ജിതം. ബോധവത്കരണവും താക്കീത് ചെയ്യുന്നതും ഇനിയുണ്ടാവില്ല, ലൈൻ ട്രാഫിക് തെറ്റിക്കുന്നതിൽ പിഴയീടാക്കാനുള്ള നടപടിയാണ് എൻഫോഴ്സ്‌മെന്റ് വിഭാഗം സ്വീകരിക്കുന്നത്. ജനുവരി ഏഴുമുതൽ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും പിന്നീട് താക്കീത് നൽകുകയും ചെയ്തിരുന്നു.
ലൈൻ ട്രാഫിക് നിയമം തെറ്റിച്ച് യാത്ര ചെയ്യുന്നവരിൽ നിന്ന് 1,000 രൂപ പിഴയീടാക്കാനാണ് നിർദേശം. ആദ്യഘട്ടത്തിൽ വാളയാർ മുതൽ ആലുവ വരെയുള്ള പാതയിൽ വലിയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന.
2022 ഒക്ടോബറിൽ ദേശീയപാതയിലെ അഞ്ചുമൂർത്തിമംഗലത്ത് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ബസപകടം നടന്നത് ലൈൻ ട്രാഫിക് പാലിക്കാത്തത് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സബ്‌ജക്ട് കമ്മിറ്റി ലൈൻ ട്രാഫിക് നിയമം നടപ്പാക്കാൻ കർശന നിർദേശം നൽകി. ദേശീയ, സംസ്ഥാന പാതകളിലാണ് അപകടം കൂടുതലെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ കണക്ക്.
ലൈൻ ട്രാഫിക്
യാത്ര ഇടതുവശത്തു കൂടെ മാത്രമേ പാടൂവെന്നും വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ എന്നുമാണ് ലൈൻ ട്രാഫിക് നിയമം. നാലുവരി പാതകളിൽ ഭാരവാഹനങ്ങൾ ഇടതുവശത്തെ ട്രാക്ക് മാത്രം ഉപയോഗിക്കണം.
ഓപ്പറേഷൻ ഫെയർ
ബസിന്റെ വാതിൽ കെട്ടിവെച്ച് സർവീസ് നടത്തുക, ടിക്കറ്റ് നൽകാതിരിക്കുക എന്നീ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഇന്നലെ മുതൽ ജില്ലയിൽ ഓപ്പറേഷൻ ഫെയർ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചു. വാതിലടയ്ക്കാതെ സഞ്ചരിക്കുന്ന ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ടിക്കറ്റ് നൽകിയില്ലെങ്കിൽ കണ്ടക്ടർക്കെതിരെയും കർശന നടപടിയുണ്ടാകും.
-എം.കെ.ജയേഷ്‌കുമാർ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |