പത്തനംതിട്ട : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാരാമൺ കൺവെൻഷനോടനുബന്ധിച്ച് വ്യവസായ വാണിജ്യ പ്രദർശന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ തനത് വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിലൊരുക്കിയിരിക്കുന്നത്. തടിയിൽ നിർമ്മിച്ച കരകൗശല ഉത്പന്നങ്ങൾ, ദാഹശമനി, പുട്ടുപൊടി, വിവിധ ചക്ക വിഭവങ്ങൾ, ഹോം മെയ്ഡ് അച്ചാറുകൾ, ചമ്മന്തിപ്പൊടി, സ്‌ക്വാഷുകൾ, ജാമുകൾ, കേക്കുകൾ എന്നിവയുടെ വിപുലമായ ശേഖരം മേളയെ ആകർഷകമാക്കുന്നു. ഡിസൈനർ വസ്ത്രങ്ങൾ, എളുപ്പത്തിൽ അടുപ്പ് കത്തിക്കാൻ സഹായകമാകുന്ന അഗ്‌നി തിരികൾ, ചിപ്‌സുകൾ, നാടൻ സ്‌നാക്‌സുകൾ, കറിക്കത്തികൾ, കറിപൗഡറുകൾ, കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ എന്നിവ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ക്രിസ്റ്റഫർ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം രശ്മി.ആർ നായർ, ഉപജില്ലാ വ്യവസായ ഓഫീസർ അനൂപ് ഷിനു എന്നിവർ സംസാരിച്ചു. 19ന് മേള സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |