@ചെമ്പുകടവ് പാലം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഈമാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാവുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരത്തിൽ വന്നപ്പോൾ, നാടിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന പാലങ്ങളുടെ സ്‌ഥിതി പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും അഞ്ച് വർഷത്തിൽ 100 പാലങ്ങൾ എന്ന ലക്ഷ്യത്തിലെത്താൻ പരിശോധനകളും പ്രവർത്തനങ്ങളും നടത്തുകയുമുണ്ടായി. ഇതാണ് 150 പാലങ്ങളെന്ന നേട്ടത്തിലേക്ക് വഴിയൊരുക്കിയത്. കൊയിലാണ്ടിയിലെ പണി നടന്നുകൊണ്ടിരിക്കെ തൊറായിക്കടവ് പാലം തകർന്നതിന്റെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് നടപടിയെടുക്കും. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കാർഷിക, ടൂറിസം മേഖലയ്ക്ക് പുത്തനുണർവുണ്ടാകുമെന്നും പറഞ്ഞു.
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ ചലിപ്പുഴക്ക് കുറുകെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലം 7.85 കോടി രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. 55 മീറ്റര്‍ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. രണ്ട് വശങ്ങളിലായി 1.5 മീറ്റർ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നൂറാം തോട് ഭാഗത്തേക്ക് 142 മീറ്ററും കോടഞ്ചേരി ഭാഗത്തേക്ക് 84 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യകഷനായി. മുൻ എം.എൽ.എ ജോർജ് എം തോമസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ജമീല അസീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |