പറവൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ 'നന്മ"യുടെ ഏഴാം സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 15 പേരെ മന്ത്രി ആദരിച്ചു. കെടാമംഗലം സദാനന്ദൻ ജന്മശതാബ്ദി പ്രഭാഷണം കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി നടത്തി.
സേവ്യർ പുൽപ്പാട്ട് രചിച്ച കഥാസമാഹാരം 'ധാർമ്മിക രോഷവും എൻ.എൻ. പിള്ളയുടെ ചിരിയും" പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ജോഷി ഡോൺബോസ്കോക്ക് നൽകി കരിവള്ളൂർ മുരളിയും, ബെസി ലാലന്റെ കവിതാ സമാഹാരമായ 'മാ- നിഷാദ" സി. രമാദേവിക്ക് നൽകി ജാനമ്മ കുഞ്ഞുണിയും പ്രകാശനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പറവൂർ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, അജിത്ത്കുമാർ ഗോതുരുത്ത് എന്നിവർ സംസാരിച്ചു.
പ്രതിനിധിസമ്മേളനത്തിൽ പ്രദീപ് ഗോപാൽ, രവി കേച്ചേരി, മനോമോഹൻ, സുരേഷ് ഒഡേസ, ഐ.ഡി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. 'കലയും സമൂഹവും സമകാലവും" എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. ചാക്യാർകൂത്ത്, ചവിട്ടുനാടകം എന്നിവ നടന്നു. ഇന്ന് പ്രതിനിധി സമ്മേളനം ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവക്ക് ശേഷം സമ്മേളനം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |