നെടുങ്കണ്ടം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി സമാന്തര പാതയിലൂടെ കാൽനടയായി അതിർത്തി കടത്തി കേരളത്തിലെത്തി വിൽപ്പന നടത്തി വന്ന സംഘത്തിലെ അഞ്ച് യുവാക്കളെ നാല് കിലോ കഞ്ചാവുമായി രാമക്കൽമേട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി വാളറ സ്വദേശികളായ കുരുവിപ്പുറത്ത് ആനന്ദു ഷാജി (28), ചങ്ങഴശേരിയിൽ അമൽ (28), കൊല്ലംപറമ്പിൽ അഖിൽ (26), ചൂരക്കാട്ട് സൂരജ് (24), പെരുമ്പാവൂർ നെല്ലംകുഴിയിൽ അക്ഷയ് (29) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ മൂന്നരയോടെ രാമക്കൽമേട്ടിൽ നെടുങ്കണ്ടം പൊലീസ് പട്രോളിംഗിനിടെ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. അഞ്ചു പേരെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിലെ ഒരു ബാഗിൽ രണ്ട് പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കാൽനടയായി രാമക്കൽമേട്ടിൽ എത്തിക്കുകയായിരുന്നു എന്ന് സംഘം പൊലീസിനോട് പറഞ്ഞു. വിനോദ സഞ്ചാര കേന്ദങ്ങളിലടക്കം ചില്ലറ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നും ഇവർ പറഞ്ഞു. അതിർത്തി കടന്ന് കഞ്ചാവ് എത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |