കോഴിക്കോട്: സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി പൊതു ഇടങ്ങളിൽ ഉന്നത നിലവാരമുള്ള ശുചിമുറികൾ ഒരുക്കാനായി തുടക്കമിട്ട ‘ടേക് എ ബ്രേക്ക്’ പദ്ധതി ലക്ഷ്യത്തിലേക്ക്. ഘട്ടംഘട്ടമായി 1428 ടേക്ക് എ ബ്രേക്ക് തുടങ്ങാൻ ലക്ഷ്യമിട്ടതിൽ 1290 എണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഇതിൽ 1267 എണ്ണം ഉദ്ഘാടനം ചെയ്തു.1252 എണ്ണം നിലവിൽ പ്രവർത്തിച്ചുവരികയാണ്. ഉദ്ഘാടനശേഷം പ്രവർത്തിക്കാത്ത 15 കേന്ദ്രങ്ങളാണുള്ളതെന്ന് ശുചിത്വമിഷന്റെ വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 138 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തീകരിക്കുമെന്നും ശുചിത്വ മിഷൻ അറിയിച്ചു. ബേസിക് വിഭാഗത്തിൽ 816, സ്റ്റാൻഡേർഡ് വിഭാഗത്തിൽ 386, പ്രീമിയം വിഭാഗത്തിൽ 88 എണ്ണം വീതമാണ് നിർമ്മാണം പൂർത്തീകരിച്ചത്.
2020 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പലതുണ്ട് കാരണങ്ങൾ
ഭൂമിയുടെ ലഭ്യതക്കുറവ്, ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ, റോഡ് വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ തുടങ്ങിയവയാണ് പദ്ധതി വെെകാൻ കാരണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ശുചിത്വ മിഷനാണ് ധനസഹായം നൽകുന്നത്. ദേശീയ-സംസ്ഥാന പാതയോരം, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ് ഒരുക്കുന്നത്. ഒരു ദിവസം 150 ആൾക്കാർക്ക് ഉപയോഗിക്കാവുന്ന അടിസ്ഥാന തലം, 150ൽ കൂടുതൽ പേർക്ക് ഉപയോഗിക്കാവുന്ന സ്റ്റാൻഡേർഡ് തലം, ആധുനികസൗകര്യങ്ങളോടെയുളള പ്രീമിയം തലം തുടങ്ങി മൂന്നു തരം സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ സഹായത്തോടെ പേ ആൻഡ് യൂസ് മാതൃകയിലാണ് പരിപാലനം.
ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ- - പൂർത്തിയായത്- നിർമ്മാണം നടക്കുന്നത്
തിരുവനന്തപുരം 106............................5
കൊല്ലം....................53..............................10
പത്തനംതിട്ട...........81..............................1
ആലപ്പുഴ................90...............................3
കോട്ടയം.................102..............................19
ഇടുക്കി...................89.................................6
എറണാകുളം........124...............................14
തൃശൂർ....................107................................15
പാലക്കാട്.............165....................................3
മലപ്പുറം................124....................................5
കോഴിക്കോട്..........69....................................15
വയനാട്.................21.....................................8
കണ്ണൂർ...................116....................................24
കാസർകോട്...........43..................................10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |