പന്തളം : കുളനട പഞ്ചായത്തിലെ 12, 13 വാർഡുകളിൽ ഉൾപ്പെടുന്ന പനങ്ങാട് ഏലം താറ്റ്പുഞ്ചിയിൽ വെള്ളം ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. എട്ട് ഏക്കറിലെ കുടവും കതിരുമായ നെൽച്ചെടികൾ വരൾച്ചയുടെ പിടിയിലാണ്. 40 ഏക്കറുള്ള പാടശേഖരത്തിൽ 8 ഏക്കറിലേ ഇത്തവണ കൃഷി ഇറക്കിയുള്ളു. മനോജ് നന്ദാവനം, സജുകുമാർ എന്നീ കർഷകരാണ് ഇത്തവണ കൃഷി ചെയ്തത്. മുൻ കാലങ്ങളിൽ നവംബറിലാണ് ഇവിടെ കൃഷി തുടങ്ങുന്നത് . എന്നാൽ ഇത്തവണ വെള്ളം കെട്ടിക്കിടന്നതിനാൽ വൈകി. ജനുവരിയിലാണ് കൃഷി ഇറക്കിയത്. ഇവിടെ മുമ്പ് കൃഷി ഇറക്കിയ കർഷകരിൽ പലരും അടിക്കടി ഉണ്ടായ നഷ്ടം കാരണം കൃഷി ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് വർഷത്തിന് മുമ്പ് ഇലത്തൂർ സ്വദേശി പാട്ടത്തിനെടുത്ത് കൃഷി ചെയ്തങ്കിലും കാലം തെറ്റിയുള്ള മഴ കാരണം വെള്ളം കെട്ടികിടന്നതിനാൽ പൂർണ്ണമായും കൊയ്ത് എടുക്കുവാൻ സാധിച്ചില്ല. കരയ്ക്ക് എത്തിച്ച കറ്റകൾ മെതിച്ചെടുക്കുവാനും കഴിഞ്ഞില്ല. വലിയ നഷ്ടമാണ് അന്ന് ഉണ്ടായത്. കൃഷിക്ക് ആവശ്യമുള്ളപ്പോൾ ജലം എത്തിക്കുന്നതിനും അധികജലം ഒഴുക്കി കളയുന്നതിനും സംവിധാനമുണ്ടായിരുന്നു. അത് നിലച്ചതാണ് കൃഷി മുടങ്ങാൻ പ്രധാന കാരണം. അച്ചൻകോവിലാറ്റിലെ ചക്ക നാട്ടുകടവിൽ ഉണ്ടായിരുന്ന മോട്ടറും പമ്പ് ഹൗസും വെള്ളം കയറി നശിച്ചതും തോടും ചാലും പുനരുദ്ധരിക്കാത്തതിനാൽ വെള്ളം എത്തിക്കാൻ കഴിയാതെ വന്നതും കർഷകർ കൃഷി ഉപേക്ഷിക്കുവാൻ കാരണമായി.
പമ്പുഹൗസ് നോക്കുകുത്തി
വീണാ ജോർജ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു അച്ചൻകോവിലാറ്റിലെ അമ്പാട്ട് കടവിൽ പുതിയ മോട്ടറും പമ്പ് ഹൗസും നിർമ്മിച്ചെങ്കിലും പാടശേഖരത്തിൽ വെള്ളം എത്തിക്കാൻ കഴിഞ്ഞില്ല. തോടും ചാലും പുനരുദ്ധരിച്ച് മോട്ടറും സ്ഥാപിച്ചതാണ്. എന്നാൽ അവശേഷിക്കുന്ന പണികൾ കരാറുകാരൻ നടത്താത്തതിനാൽ പമ്പ് ഹൗസ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.
പാടങ്ങൾ തരിശരഹിതം ആകണമെങ്കിൽ കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം ഒരുക്കണം. പണി എടുത്ത കരാറുകാരൻ പണികൾ പൂർത്തീകരിക്കണം.
പി.ജി.ഭരതരാജൻ പിള്ള,
പാടശേഖരസമിതി സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |