ജനലിലൂടെ പശ തേച്ച കമ്പ് കടത്തി സ്വർണവും പണവും കവർന്നെന്ന് പൊലീസ്
കോന്നി : വെട്ടൂരിൽ രണ്ട് വീടുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ സ്വർണവും പണവും അപഹരിച്ചു.വെട്ടൂർ ശാസ്താമടയിൽ വീട്ടിൽ അനീഷ് കുമാർ, ആചാര്യ പറമ്പിൽ അരുൺ പ്രഭാകർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. അനീഷ് കുമാറിന്റെ വീട്ടിൽ നിന്ന് 2,10,000 രൂപയും ഒരു ജോഡി കമ്മൽ, മാല, ചെയിൻ അടക്കം മൂന്ന് പവൻ സ്വർണവുമാണ് അപഹരിച്ചത്. അരുൺ പ്രഭാകറിന്റെ വീട്ടിൽ നിന്ന് മാലയും ഒരു ജോഡി കമ്മലും അടക്കം അഞ്ച് പവൻ അപഹരിച്ചു. മലയാലപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം .
തടിക്കച്ചവടക്കാരനായ അനീഷ് തടി വാങ്ങുന്നതിനായി ബാങ്കിൽ നിന്നെടുത്ത പണം അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു . ഈ പണമാണ് കവർന്നത് . ഇരു വീടുകളിലും മോഷണം നടക്കുമ്പോൾ വീട്ടുകാർ ഉണ്ടായിരുന്നു . തുറന്നു കിടന്ന ജനലിലൂടെ കമ്പ് ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു . കമ്പിൽ പശ തേച്ചാകാം കവർന്നത് എന്നാണ് നിഗമനം.സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. അനീഷ് കുമാറിന്റെ വീട്ടിൽ നിന്ന് മണം പിടിച്ച് നായ സമീപത്തെ ഫർണീച്ചർ വർക് ഷോപ്പിന്റെ അടുത്തുവന്ന ശേഷം അഞ്ച് കിലോമീറ്റർ ദൂരത്തോളം സഞ്ചരിച്ചു. മലയാലപ്പുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്.വിജയൻ , എസ്.ഐ അനീഷ്, എ.എസ്.ഐ മനോജ്, സി.പി.ഓ മാരായ സുധീഷ്, രഞ്ജിത്ത്, ഹരികൃഷ്ണൻ, വിരലടയാള വിദഗ്ദ്ധ ശ്രീജ, സെർചർ രവികുമാർ, ഡോഗ് സ്ക്വഡ് ഓഫീസർ സെബാസ്റ്റിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |