തിരുവല്ല ഡിവിഷനിൽ 7.62 കോടി
പത്തനംതിട്ടയിൽ 4.72 കോടി
പത്തനംതിട്ട: വെള്ളക്കരം കുടിശിക ഭീമമായ തോതിൽ ഉയർന്നതിനെ തുടർന്ന് പൈപ്പ് ലൈൻ കണക്ഷനുകൾ വാട്ടർ അതോറിറ്റി വിച്ഛേദിച്ചു തുടങ്ങി. പത്തനംതിട്ട, തിരുവല്ല ഡിവിഷനുകളിലായി 12.34കോടിയാണ് പിരിഞ്ഞുകിട്ടാനുള്ളത്. വെള്ളക്കരം കുടിശിക വരുത്തിയതിൽ ഏറെയും സർക്കാർ ഒാഫീസുകളാണ്. ജല വിതരണം മുടങ്ങിയാൽ ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ഇതുവരെ കണക്ഷൻ വിച്ഛേദിക്കാതിരുന്നത്. എന്നാൽ, ഇത് അവസരമാക്കി കുടിശിക അടയ്ക്കാതെ വന്നതോടെയാണ് കണക്ഷൻ കട്ട് ചെയ്യുന്നതടക്കം ശക്തമായ നടപടികളിലേക്ക് കടന്നത്.
കുടിശികയുള്ള കണക്ഷനുകൾ വിച്ഛേദിച്ചിട്ടും പണം അടയ്ക്കുന്നില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികളിലേക്കു നീങ്ങും. രണ്ടുവർഷത്തിലധികമായി വെള്ളക്കരം അടയ്ക്കാത്ത കണക്ഷൻ ഉടമകൾ വരെയുണ്ട്. ഉപയോക്താക്കൾക്ക് ഓഫീസിൽ നേരിട്ടെത്തിയും ഓൺലൈനായും കുടിശിക തുക അടയ്ക്കാമെന്ന് ജല അതോറിറ്റി അറിയിച്ചു. കൊവിഡ് കാലത്തെ പിരിവ് മന്ദഗതിയിലായതോടെയാണ് കുടിശിക വർദ്ധിച്ചതെന്നും പറയുന്നു.
മുന്നിൽ സർക്കാർ ഓഫീസുകൾ
പത്തനംതിട്ട ഡിവിഷനിൽ ലഭിക്കാനുള്ള തുകയിൽ 3.50 കോടി രൂപയും സർക്കാർ ഓഫീസുകളുടേതാണ്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ, ആറന്മുള മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കണക്ഷനുകളാണ് കുടിശികയായുള്ളത്. ജനറൽ ആശുപത്രിയിലെ വെള്ളക്കരം അടയ്‌ക്കേണ്ടത് നഗരസഭയാണ്. വെള്ളം മുടങ്ങിയാൽ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടികളിലേക്ക് കടക്കാതിരുന്നതെന്ന് ജല അതോറിറ്റി പറയുന്നു.
2019നു ശേഷം ജനറൽ ആശുപത്രിയിൽ നിന്ന് വെള്ളക്കരം അടച്ചിട്ടില്ല. രണ്ട് കണക്ഷനുകളാണ് ആശുപത്രിക്കു നൽകിയിരിക്കുന്നത്. കുടിശിക 1.82 കോടി രൂപ അടയ്ക്കാനുണ്ട്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ രണ്ട് കണക്ഷനുകളിലായി 1.51 കോടി ലഭിക്കാനുണ്ട്.
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ 20 ലക്ഷം
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ 20 ലക്ഷം രൂപയുടെ കുടിശികയാണുള്ളത്. കണക്ഷൻ വിച്ഛേദിച്ചതിനു പിന്നാലെ പണം അടയ്ക്കാനുള്ള നടപടികളായിട്ടുണ്ട്. 14 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്. വിവിധ സർക്കാർ വകുപ്പുകളുടെ കീഴിലായതിനാൽ അതാത് ഓഫീസുകൾ തന്നെയാണ് കരം അടയ്‌ക്കേണ്ടത്. ടാപ്പുകളുടെ എണ്ണം അനുസരിച്ചാണ് കരം നിശ്ചയിച്ചിട്ടുള്ളത്. ചില ഓഫീസുകളിൽ നിന്നു പണം എത്തിയെങ്കിലും തുക പൂർണമായി ലഭിച്ചിട്ടില്ല.
'' ഇനി വിട്ടുവീഴ്ചക്കില്ല. കുടിശിക പിരിച്ചെടുക്കാൻ ശക്തമായ നടപടികളിലേക്ക് കടക്കും
വാട്ടർ അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |