പത്തനംതിട്ട : തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി ആകെ 14,08,771 വോട്ടർമാരാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുള്ളത്. ഇതിൽ 6,73,068 പുരുഷന്മാരും 7,35,695 സ്ത്രീകളും എട്ട് ട്രാൻസ്ജെൻഡർമാരുമാണുള്ളത്.
12 പ്രശ്നബാധിത ബൂത്തുകൾ ഉള്ളതായാണ് റിപ്പോർട്ട്. ഇവിടെ കേന്ദ്രസേനയെത്തും. കോന്നി മണ്ഡലത്തിൽ നാലും ആറൻമുളയിൽ രണ്ടും അടൂരിൽ ആറും ബൂത്തുകളിലാണ് കേന്ദ്രസേനയെത്തുന്നത്. ജില്ലയിൽ 40 മുതൽ 49 വയസുവരെയുള്ള വോട്ടർമാരാണ് കൂടുതൽ. 206000 വോട്ടർമാരാണിത്. തൊട്ട് പിന്നിൽ തന്നെ 50 മുതൽ 59 വയസുവരെയുള്ളവരാണ്. 199000 പേർ. പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്ത 18 മുതൽ 20 വയസുവരെയുള്ളവർ 7600 പേർ മാത്രമാണ്. 20 മുതൽ 29 വയസുവരെയുള്ള 135000 വോട്ടർമാരുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി മണ്ഡലത്തിൽ
അനുവദിച്ച തുക : 60 ലക്ഷം രൂപ
പത്രികാ സമർപ്പണം : 28 മുതൽ ഏപ്രിൽ നാല് വരെ
നാമനിർദേശ പത്രിക ഈ മാസം 28 മുതൽ ഏപ്രിൽ നാല് വരെ സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിൻവലിക്കാം. 26ന് തിരഞ്ഞെടുപ്പും ജൂൺ നാലിന് വോട്ടെണ്ണലും നടക്കും. 29, 31 തീയതികൾ പൊതുഅവധികളായിരിക്കും. മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതാ പോളിംഗ് സ്റ്റേഷനുകളുമുൾപ്പെടെ പത്തനംതിട്ട, കോട്ടയം അസംബ്ലി മണ്ഡലങ്ങളിലായി ആകെ 1437 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പത്തനംതിട്ട : 1077, കാഞ്ഞിരപ്പള്ളി : 181, പൂഞ്ഞാർ :179 എന്നിങ്ങനെയാണ് കണക്കുകൾ.
വീട്ടിലിരുന്ന് വോട്ടു ചെയ്യാം
ഭിന്നശേഷിക്കാർക്കും 85 വയസിനുമേലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇതിനായി ഫോറം -12 ഡി അപേക്ഷ ബി.എൽ.ഒമാർ മുഖേന വിതരണം ചെയ്യും. അപേക്ഷ നൽകുന്നവർക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് ഓഫീസർമാരുടെ ടീം വീട്ടിലെത്തും. ഭിന്നശേഷിക്കാർക്ക് വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈൽ ആപ്പും ഉണ്ട്.
ഭിന്നശേഷിക്കാരായ വോട്ടർമാർ : 13000
85 വയസ് കഴിഞ്ഞ വോട്ടർമാർ : 22000
പരാതികൾ അറിയിക്കാം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവു നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും ചിത്രങ്ങൾ, വീഡിയോകൾ എന്നിവ മുഖേന സി - വിജിൽ ആപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം.
പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും ബാനർ, പോസ്റ്റർ എന്നിവ പതിയ്ക്കരുത്. ഇതിനകം പതിപ്പിച്ചവ ഉടൻ നീക്കംചെയ്യണം. അല്ലാത്തപക്ഷം ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് അത് നീക്കം ചെയ്യും.
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ : 0468 2224256,
ടോള് ഫ്രീ നമ്പർ : 1950.
മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയിൽ ആകെ 15 ഫ്ളയിംഗ് സ്ക്വാഡ്, 15 സ്റ്റാറ്റിക് സർവൈലൻസ് ടീം, അഞ്ച് വീഡിയോ സർവൈലൻസ് ടീം, അഞ്ച് ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.
എസ്.പ്രേം കൃഷ്ണൻ, ജില്ലാകളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |