ചേർത്തല: വെട്ടയ്ക്കൽ നടന്ന വീടാക്രമണക്കേസിൽ ഒറ്റമശ്ശേരി ഇരട്ട കൊലപാതക കേസിലെ പ്രതികളടക്കം അഞ്ചുപേരെ പട്ടണക്കാട് പൊലീസ് അറസ്റ്റുചെയ്തു. പട്ടണക്കാട് പഞ്ചായത്ത് 17ാം വാർഡ് തയ്യിൽ വീട്ടിൽ പോൾസൺ(38),സഹോദരൻ താലിഷ്(42),18ാം വാർഡിൽ ഇടവഴിയേക്കൽ വീട്ടിൽ ബിജു(44),എട്ടാം വാർഡിൽ കൊല്ലംവെളി കോളനിയിൽ സജയ്(28),പത്താംവാർഡിൽ കൊല്ലേച്ചിവെളി വീട്ടിൽ വിഷ്ണു(28) എന്നിവരെയാണ് പട്ടണക്കാട് എസ്.ഐ എസ്.സുരേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ വി.എം.രാജേന്ദ്രൻ,സിവിൽ പൊലീസ് ഓഫീസർമാരായ എം.അരുൺകുമാർ,ഷൈൻ,വിനിൽ,അനീഷ്,സുഹാസ്,വിശാന്തിമോൻ,ഹോംഗാർഡ് ബാബുരാജ് എന്നിവർ ചേർന്നു പിടികൂടിയത്.
പുറത്താംകുഴി വടക്കേപ്പറമ്പ് അബിന്റെ വീട്ടിലാണ് അക്രമം നടത്തിയത്. 3ന് നടന്ന അക്രമത്തിൽ അബിൻ(35),ഭാര്യ സൗമ്യ(31)എന്നിവർക്കു പരിക്കേറ്റിരുന്നു. 2015ൽ ഒറ്റമശേരിയിൽ ലോറി ഇടിപ്പിച്ച് രണ്ടുയുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പോൾസനും സഹോദരൻ താലിഷും. ഇതിനു പുറമെ അർത്തുങ്കൽ സ്റ്റേഷനിൽ 2010 ലെ കൊലപാതകക്കേസിലെ പ്രതിയാണ് പോൾസൺ. കൂടാതെ ചേർത്തല,പട്ടണക്കാട് അർത്തുങ്കൽ സ്‌റ്റേഷനുകളിലായി 10 ഓളം കേസുകളിലും പ്രതിയാണിയാളെന്നു പൊലീസ് പറഞ്ഞു.നാലും അഞ്ചും പ്രതികളായ സജയ്,അഞ്ചാം പ്രതി വിഷ്ണു എന്നിവരും പട്ടണക്കാട് സ്റ്റേഷനിൽ നാല് കേസുകളിൽ പ്രതികളാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |