തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ ചലച്ചിത്രഅക്കാഡമി ചെയർമാന്റെ ചുമതല വഹിക്കുന്ന പ്രേംകുമാറും സംവിധായകൻ ഡോ.ബിജുവും തമ്മിൽ ഉരസി.
സർക്കാരിന്റെ സിനിമാനയം രൂപീകരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ഒരു പി.ആർ ഏജൻസിയെയാണെന്നായിരുന്നു ഡോ.ബിജുവിന്റെ ആരോപണം. അങ്ങനയൊരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രേംകുമാർ മറുപടി പറഞ്ഞു. ക്രിയേറ്റീവ് വിമെൻ കളക്ടീവിന്റെ നേതൃത്വത്തിൽ സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടന്ന 'ഹേമ കമ്മിറ്റി: കേരളം മാറ്റുന്നുവോ' എന്ന ചർച്ചപരിപാടിയിലാണ് അഭിപ്രായവും മറുപടിയും.
സിനിമാനയം രൂപീകരിക്കാൻ ഒരു കമ്മിറ്റിയുണ്ടാക്കിയിട്ട് ഒരു വർഷവും ഒരു മാസവും കഴിഞ്ഞു. ഇവർ എത്ര യോഗം ചേർന്നു. പി.ആർ ഏജൻസിയെയാണ് അഭിപ്രായം സമന്വയരൂപീകരണത്തിനായി ഏർപ്പാടാക്കിയിരിക്കുന്നത്. അവർക്ക് സിനിമാമേഖലയുമായി യാതൊരു ബന്ധവുമില്ലെന്ന് അവരുടെ വെബ്സൈറ്റിൽ നിന്നു മനസിലായെന്നും ബിജു വിശദീകരിച്ചു.
സിനിമാരംഗത്തെ എല്ലാ സംഘടനകളെയും ജനാധിപത്യപരമായി കേട്ട ശേഷംമാത്രമേ സിനിമാനയം തയ്യാറാക്കുകയുള്ളൂവെന്ന് പ്രേംകുമാർ പറഞ്ഞു. നയം രൂപീകരിക്കുന്നത് ഷാജി എൻ.കരുൺ ചെയർമാനായ സമിതിയാണ്. അല്ലാതെ പി.ആർ ഏജൻസിയല്ലെന്നും അദ്ദേഹം പറഞ്ഞു. 9നും 10നും സമിതിയുടെ യോഗത്തിന് ബിജു വരണമെന്ന് പ്രേംകുമാർ പറഞ്ഞപ്പോൾ 'വിളിക്കാതെ വരാനാകില്ല' എന്നായിരുന്നു ബിജുവിന്റെ മറുപടി. രേഖാമൂലം അഭിപ്രായം എഴുതിത്തന്നാൽ താൻ അത് നൽകാമെന്നായി പ്രേംകുമാർ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷവും ഷൂട്ടിംഗ് നടക്കുന്നിടത്ത് എത്രയിടത്ത് ഐ.സി.സി രൂപീകരിച്ചിട്ടുണ്ടെന്ന് ഒരു കണക്ക് ഉണ്ടോ? സർക്കാർ എന്തിന് ഈ റിപ്പോർട്ട് ഇത്രയും നാൾ പൂഴ്ത്തിവച്ചു. ക്രൈം നടന്നിട്ട് എന്തു നടപടിയാണ് സ്വീകരിച്ചത്. ഒരു മാടക്കട തുടങ്ങണമെങ്കിൽപ്പോലും സർക്കാരിന്റെ നിരവധി അനുവാദം വാങ്ങണം. സിനിമ നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഒരു അനുവാദവും വേണ്ടെന്നും ബിജു പറഞ്ഞു. സ്‌റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന,എഴുത്തുകാരി കെ.എ. ബീന, വി.ശ്രീകുമാർ, സി.റഹീം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |