പ്രചോദനമായത് മേവാത്തി ശൈലി
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്.ബി.ഐ ബാങ്കിനോടു ചേർന്നുള്ള എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം നടത്തിയ യുവാവ് മൂന്നാംനാൾ പൊലീസിന്റെ പിടിയിലായി. താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് അറസ്റ്റിലായത്.
ഒന്നാം തീയതി പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷ ശ്രമംനടന്നത്. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്. മേവാത്തി സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരവേയാണ് സംഭവ സഥലത്തിന് അഞ്ച് കിലോമീറ്റർ അകലെയുള്ള അഭിരാമിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതി ധരിച്ചിരുന്ന ജാക്കറ്റും കോലാപുരി ചെരിപ്പും തിരിച്ചറിഞ്ഞത് നിർണ്ണായകമായി. ഇരുട്ടിൽ വാഹനത്തിന്റെ നമ്പർ പോലും കിട്ടാതിരിക്കുന്നതിനായി ഇടറോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ അതിവിദഗ്ദ്ധമായാണ് പൊലീസ് പിടികൂടിയത്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് സി.ഐ പി.കെ.മോഹിത്, വള്ളികുന്നം എസ്.ഐ കെ.ദിജേഷ്, എ.എസ്.ഐമാരായ ശ്രീകല, രാധാമണി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, അൻഷാദ്, വൈ.അനി, സിവിൽ പൊലീസ് ഓഫീസറായ ആർ.ജിഷ്ണു, എസ്.ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യതത്. കായംകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
മോഷണശ്രമം കാമുകിയുടെ പണയം വച്ച സ്വർണമെടുക്കാൻ
തൃശൂരിൽ എ..ടി.എം കൊള്ള നടത്തിയ കുപ്രസിദ്ധ മേവാത്തി സംഘത്തിന്റെ ശൈലിയാണ് പ്രതിക്ക് പ്രചോദനമായത്. ശാസ്ത്രീയമായി ശേഖരിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ അഭിരാമിനെ ഇന്നലെ പുലർച്ചെ ആറ് മണിയോടെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. മോഷണശ്രമത്തിനുപയോഗിച്ച കമ്പിപ്പാരയും ധരിച്ചിരുന്ന കറുത്തവസ്ത്രങ്ങളും ഓടിച്ചുവന്ന സ്‌കൂട്ടറും കണ്ടെത്തി. കാമുകിയുടെ പണയംവച്ച സ്വർണ്ണം തിരിച്ചെടുക്കാൻ അഭിരാം കണ്ടെത്തിയ വഴിയാണ് എ.ടി.എം കവർച്ചയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |