വർക്കല: വെട്ടൂരിൽ മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേല്പിച്ച നാല് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. താഴെവെട്ടൂർ നെടുമങ്ങാട് വീട്ടിൽ യൂസഫ്(40), സഹോദരൻ ജവാദ്(34), ആശാൻമുക്ക് കാവിൽതൊടി വീട്ടിൽ നിസാമുദ്ദീൻ (48), അരിവാളം തൊണ്ടൽ വീട്ടിൽ ജഹാസ് (28)എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച്ച വൈകിട്ട് 6.20 ന് താഴേവെട്ടൂർ ജംഗ്ഷനിൽ സംസാരിച്ചു നിൽക്കുകയായിരുന്ന വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവരെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത് . ഒന്നാം പ്രതി യൂസഫ് ഷംനാദിന്റെ തലയ്ക്ക് വാൾ കൊണ്ട് വെട്ടുകയും നിലത്തുവീണ ഷംനാദിനെ മറ്റ് പ്രതികൾ ആക്രമിക്കുകയുമായിരുന്നു. നൗഷാദിനും അൽ അമീനും തലയ്ക്കും ശരീരഭാഗങ്ങളിലും വെട്ടേറ്റു. വെട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ ഓടിയെത്തി ഇവരെ തടയാൻ ശ്രമിച്ചെങ്കിലും സംഘം ആക്രമണം തുടർന്നു.നാസിമുദ്ദീന്റെ മുഖത്ത് മുറിവേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പ്രതിയായ നൈസാം ഒളിവിലാണ്. വെട്ടേറ്റ ഷംനാദിന്റെ പിതാവിനെ നൈസാം അസഭ്യം വിളിച്ചെന്നാരോപിച്ച് ബുധനാഴ്ച രാവിലെ ഇവർ വാക്കേറ്റമുണ്ടായതായും ഇതാണ് അക്രമത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |