പത്തനംതിട്ട: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 22 വരെ ആറൻമുള വിജയാനന്ദ വിദ്യാപീഠത്തിൽ സുഗതോത്സവം നടക്കും.
രാവിലെ 10ന് സുഗതപരിചയം ശില്പശാല പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ ഉദ്ഘാടനം ചെയ്യും. ഒ.ആർ.രഞ്ജിത്ത് ശില്പശാല നയിക്കും. 11ന് സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ഉപന്യാസ മത്സരവും ‘വിദ്യാസുഗതം’ നടക്കും. നാളെ രാവിലെ 10ന് വിജയാനന്ദ വിദ്യാപീഠത്തിന് സമീപം സുഗതവനത്തിലൂടെ യാത്ര ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനംചെയ്യും.
21ന് രാവിലെ 9.30ന് സുഗതകുമാരി കവിതകൾ ആധാരമാക്കി ചിത്രകാരി കൃഷ്ണപ്രിയ വരച്ച ചിത്രങ്ങളുടെ പ്രദർശനം ‘സുഗത ജീവിതദർശൻ’ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. 10ന് ഏകദിന ദേശീയ പൈതൃക പരിസ്ഥിതി ശിൽപ്പശാല സാങ്കേതിക സർവകലാശാലാ വൈസ് ചാൻസിലർ ഡോ.കെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ആർക്കിടക്റ്റ് ഡോ.ജി.ശങ്കർ അദ്ധ്യക്ഷനാകും. ഐക്യരാഷ്ട്ര സഭയിലെ പൈതൃകകാര്യ ഉപദേശക കൗൺസിലിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ഡോ.ബി.വേണുഗോപാൽ നേതൃത്വം നൽകും. വൈകിട്ട് ആറിന് ചലച്ചിത്രപ്രദർശനം.
22ന് രാവിലെ 10ന് സുഗതകാവ്യമഞ്ജരി ചർച്ച കവി പ്രൊഫ.വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. 11.30ന് സുഗതകുമാരിയുടെ കവിതകൾ ഉൾപ്പെടുത്തിയുള്ള സംഗീതാഞ്ജലി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് വിവിധ രാജ്യങ്ങളിൽ നടന്ന സുഗതകുമാരി നവതി ആഘോഷങ്ങളെപ്പറ്റിയുള്ള വീഡിയോ പ്രദർശനം ‘സുഗതം വിശ്വമയം’ നടക്കും. മൂന്നിന് നവതി സമാപനസഭ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. പ്രകൃതി സംരക്ഷകനായ ശ്രീമൻ നാരായണന് ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്, അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന സുഗതനവതി പുരസ്കാരം നൽകും. നവതി ആഘോഷ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനാകും. ഡോ.എം.വി.പിള്ള പ്രഭാഷണം നടത്തും. എക്കോ ഫെസ്റ്റ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. പള്ളിയോട പ്രദർശനശാലയും ഉണ്ടായിരിക്കും. നവതിയാഘോഷ സമാപനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികളായ അജയകുമാർ വല്യുഴത്തിൽ, പി.ഐ.ഷെരീഫ് മുഹമ്മദ്, പി.ആർ.ഷാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |