കൊക്കാത്തോട് റോഡിൽ പട്ടാപ്പകലും കാട്ടാന
കോന്നി: പട്ടാപ്പകലും കാട്ടാനകൾ വിലസുകയാണ് കോന്നി- കൊക്കാത്തോട് റോഡിൽ. തിങ്കളാഴ്ച വൈകിട്ട് കല്ലേലി ചെക്ക്പോസ്റ്റ് സമീപം റോഡിൽ മണിക്കൂറുകളോളം കൊമ്പൻ നിലയുറപ്പിച്ചതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ മറ്റൊരു കൊമ്പനും കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ റോഡിൽ നിലയുറപ്പിച്ചിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ കല്ലേലി എസ്റ്റേറ്റിൽ ജോലിക്ക് വന്ന തൊഴിലാളികൾക്കും ഇതിനെ തുടർന്ന് റോഡിലൂടെ തോട്ടത്തിലേക്ക് വരാൻ കഴിയാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. കാട്ടാന ഇവിടെ നിന്ന് മാറിയതിനുശേഷമാണ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്. കൊക്കാത്തോട്, ഒരേക്കർ, വയക്കര, കല്ലേലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി തൊഴിലാളികളാണ് പുലർച്ചെ തോട്ടത്തിൽ റബർ ടാപ്പിംഗിന് എത്തുന്നത്.
മുമ്പ് ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരേക്കർ സ്വദേശി ഹാരിഷും മകളും കാട്ടാനയുടെ മുന്നിൽനിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കല്ലേലി ഊരാളി അപ്പൂപ്പൻകാവിനും ചാമുണ്ഡി ക്ഷേത്രത്തിനും ഇടയിൽ വച്ച് വൈകിട്ടാണ് ഇവർ കാട്ടാനയുടെ മുൻപിൽപ്പെട്ടത്. വാഹനത്തിരക്കുള്ള റോഡിലേക്ക് കാട്ടാന കയറിവരികയായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്ന തോട്ടം തൊഴിലാളികളും ഭീതിയിലാണ്.
നാട്ടിലിറങ്ങുന്നത് കൈതച്ചക്ക തേടി
ഹാരിസൺ മലയാളം പ്ളാന്റേഷനിലെ റബർതോട്ടത്തിൽ കൈതക്കൃഷി വ്യാപകമായതോടെയാണ് കാട്ടാനശല്യം ജനവാസമേഖലയിലുണ്ടായത്. പകൽ സമയങ്ങളിലും റോഡിലൂടെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വയക്കര, കൊക്കാത്തോട്, കല്ലേലിത്തോട്ടം എന്നിവിടങ്ങളിൽ താമസിക്കുന്നവർ ഭയത്തോടെയാണ് റോഡുവഴി പോകുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾ കാട്ടാന ശല്യം മൂലം കോന്നി, അരുവാപ്പുലം പ്രദേശങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.
---------------
" കല്ലേലി ഭാഗത്ത് റോഡിൽ പതിവായി കാട്ടാനകൾ ഇറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. "
ജോസ് വയക്കര ( പ്രദേശവാസി )