കാട്ടുപന്നിയെ തുരത്താൻ വലവിരിച്ച് കർഷകർ
പ്രമാടം : കാട്ടുപന്നിയെ തുരത്താൻ പലവഴി നോക്കിയിട്ടും പരാജയപ്പെട്ടതോടെ വല പരീക്ഷിച്ച് കർഷകർ. മത്സ്യബന്ധന വല ഉപയോഗിച്ച് കൃഷി സ്ഥലത്ത് വേലികെട്ടിയാണ് പന്നിയെ തടയുന്നത്. രാത്രിയിലെത്തുന്ന പന്നികൾ അയഞ്ഞുകിടക്കുന്ന വലയിൽ തട്ടി അകത്തുകടക്കാൻ ബുദ്ധിമുട്ടുകയും കെണിയാണെന്ന് കരുതി മടങ്ങുകയും ചെയ്യുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികള തടയാൻ കർഷകർ നോക്കാത്ത വഴികളില്ല. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും നേരത്തെ ഇവയെ തുരത്തുമായിരുന്നു. ഓഡിയോ , വീഡിയോ കാസറ്റുകളുടെയും എക്സ്റേകളുടെയും ഫിലിം തൂക്കിയും പരീക്ഷണം നടത്തി. വെയിൽ അടിക്കുമ്പോൾ ഇതിൽ നിന്നുമുണ്ടാകുന്ന വെട്ടവും കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദവും പന്നികളെ ഒരുവിധം അകറ്റിനിറുത്തിയിരുന്നു. പിന്നീട് സി.ഡി പ്രയോഗത്തിലേക്ക് മാറി. രാത്രിയിലും പകലും സി.ഡിയിൽ നിന്നുണ്ടാകുന്ന മിന്നൽ പോലെയുള്ള വെളിച്ചം ഇവയെ ഭയപ്പെടുത്തിയിരുന്നു.പിന്നീട് രണ്ട്ബിയർ കുപ്പികൾ കയറിൽ ചേർത്ത് കെട്ടിയിടലായി. കാറ്റടിക്കുമ്പോൾ ഇവ പരസ്പരം കൂട്ടിമുട്ടി ശബ്ദമുണ്ടാകുന്നതിനാൽ പന്നികൾ പേടിച്ച് പോകുമായിരുന്നു. പക്ഷേ ഇവ ശീലമായതോടെ പന്നികൾക്ക് ഭയമില്ലാതായി.
കൃഷിസ്ഥലത്തിന് ചുറ്രും കമ്പിവേലി സ്ഥാപിച്ചാൽ പന്നികളുടെ കടന്നുകയറ്റം തടയാമെങ്കിലും ഇതിന് ചെലവേറെയാണ്. ഇതോടെയാണ് ഉപയോഗശൂന്യമായ മത്സ്യ ബന്ധന വലകൾ ഉപയോഗിച്ചു തുടങ്ങിയത്. കുറഞ്ഞ വിലയിൽ വല കിട്ടും. കർഷകർക്ക് തന്നെ പരസഹായമില്ലാതെ വേലി സ്ഥാപിക്കാനും കഴിയും.
കുറഞ്ഞ ചെലവ്, വിജയകരം
പന്നിയെ തുരത്താനുള്ള വല വേലി പ്രയോജനകരമാണെന്ന് കർഷകർ പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ മത്സ്യബന്ധന തൊഴിലാളികളിൽ നിന്നും കടകളിൽ നിന്നുമാണ് ഉപയോഗശൂന്യമായ വലകൾ വാങ്ങുന്നത്. കുറഞ്ഞവിലയ്ക്ക് കിട്ടും. കിലോയ്ക്ക് 160 രൂപയാണ് ചില്ലറ കച്ചവടക്കാർ ഈടാക്കുന്നത്. മുള, കമുക് എന്നിവയുടെ തൂണുകൾ നാട്ടിയ ശേഷം മതിലുപോലെ വല മുകളിൽ നിന്ന് താഴേക്ക് വിരിക്കും. മുകൾഭാഗം വലിച്ചുകെട്ടുകയും താഴ് ഭാഗം അയച്ചിടുകയും ചെയ്യും. താഴ് വശത്തെ വലയുടെ ശേഷിക്കുന്ന ഭാഗം മണ്ണും ഭാരവും ഉപയോഗിച്ച് ബലപ്പെടുത്തും. കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നികൾ കെണിയാണെന്ന് കരുതി മടങ്ങും,.