സൈബർ തട്ടിപ്പ് : വിമുക്തഭടന് നഷ്ടം 45 ലക്ഷം രൂപ

Sunday 26 January 2025 12:13 AM IST

പത്തനംതിട്ട : സൈബർ തട്ടിപ്പിന് ഇരയായി വിമുക്തഭടൻ. പത്തനംതിട്ട കുഴിക്കാല കല്ലുംപുറത്ത് വീട്ടിൽ കെ.തോമസി (83) നാണ് സൈബർ തട്ടിപ്പിലൂടെ 45 ലക്ഷം രൂപ നഷ്ടമായത്. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പ് വഴി വന്ന കോളിലൂടെയാണ് പണം തട്ടിയത്. കഴിഞ്ഞ 17നാണ് ആദ്യ വാട്‌സ് അപ്പ് കോൾ വരുന്നത്. സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ തോമസിനോട് താങ്കളുടെ അക്കൗണ്ടിൽ അനധികൃതമായി കണക്കിൽപ്പെടാത്ത പണമാണെത്തിയിട്ടുള്ളതെന്നും ഇത് വലിയ ശിക്ഷാർഹമായ കുറ്റവുമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് തനിക്ക് ലഭിച്ചിട്ടുള്ള പെൻഷനും ആനുകൂല്യങ്ങളുമാണെന്ന് തോമസ് പറഞ്ഞിരുന്നു. പിന്നീട് തുടർച്ചയായി ഇവരുടെ കോളുകൾ വന്നു. തോമസിന്റെ മകന്റെ ചിത്രമുള്ള വാട്‌സ് ആപ്പ് അക്കൗണ്ടിൽ നിന്നാണ് ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നത്. ഇംഗ്ലീഷിലായിരുന്നു മുഴുവൻ സംസാരവും. തോമസിന്റെ അക്കൗണ്ടിലെ തുകയെപ്പറ്റി കൂടുതൽ പരിശോധനകൾ നടത്തുന്നതിനു വേണ്ടി പണം മുഴുവനും ആർ.ബി.ഐയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അതിനായി അവർ പറയുന്ന അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്നും പറഞ്ഞു. തോമസ് ഈ മാസം 20ന് ആദ്യത്തെ 10 ലക്ഷം രൂപ തട്ടിപ്പുകാർക്ക് അയച്ചുകൊടുത്തു. പിന്നീട് 23ന് അക്കൗണ്ടിൽ കിടന്ന ബാക്കി 35 ലക്ഷവും അയച്ചു. 45 ലക്ഷം തട്ടിയതിന് ശേഷവും കുറ്റവാളികൾ തോമസിനോട് ബാക്കി അക്കൗണ്ടുകളിൽ ഉള്ള പണവും പരിശോധനയ്ക്കായി അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിനായി തോമസ് ബാങ്കിലെത്തിയപ്പോൾ സംശയം തോന്നിയ മാനേജർ സംഭവത്തിൽ ഇടപെടുകയും തോമസിന്റെ ഒരു ബന്ധുവിനെ വിവരമറിയിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്.