പത്തനംതിട്ട : പാഠപുസ്തക സങ്കല്പത്തിന്റെ പതിവ് ചിട്ടവട്ടങ്ങൾ വിട്ട് മാതൃഭാഷാപഠനം മധുരമുള്ളതാക്കിയതിന്റെ സന്തോഷത്തിലാണ് പത്തനംതിട്ടക്കാരനായ ഭാഷാദ്ധ്യാപകനും പാഠപുസ്തകസമിതിയംഗവുമായ ബിനു കെ.സാം. സങ്കീർണമായ പാഠഭാഗങ്ങൾ കുട്ടികളെ ഭാഷാപഠനത്തിൽ നിന്ന് അകറ്റും എന്നതിനാൽ ഒരുപാട് പാഠഭാഗങ്ങൾ എന്ന സങ്കല്പത്തിൽ നിന്നും നിത്യജീവിതത്തോട് കുട്ടികളെ ചേർത്തുനിറുത്തുവാൻ പാകത്തിലുള്ള ആശയങ്ങൾ ചെറിയ ചെറിയ പാഠഭാഗങ്ങളായി തയ്യാറാക്കിയതിലൂടെ എട്ടാംതരം കേരളപാഠാവലി ഏറെ വ്യത്യസ്തമായിരിക്കുന്നു. കൃഷിയും സംസ്‌കാരവും കലയും സ്ത്രീശക്തികരണവും അടിസ്ഥാന വർഗ സംരക്ഷണവും എല്ലാം കോർത്തിണക്കിയിരിക്കുന്നതാണ് പുതിയ പാഠപുസ്തകം. എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ.എം.ടി.ശശിയുടെ മേൽനോട്ടത്തിൽ ഡോ.അനിൽ വള്ളത്തോൾ അഡ്വൈസറായും ഡോ.പി. സത്യനേശൻ ചെയർമാനുമായുള്ള സമിതിയാണ് പാഠപുസ്തകം തയ്യാറാക്കിയത്. വയലാറിന്റെ ആയിഷയെ മലയാളി മനസിലെ എക്കാലത്തെയും നൊമ്പരമാക്കിയ വി.സാംബശിവന്റെ ആയിഷയുടെ കഥാപ്രസംഗ ഭാഗം ഉൾപ്പെടുത്തിയതിലൂടെ പാഠപുസ്തക ചരിത്രത്തിൽ ആദ്യമായി, അന്യംനിന്നുപോകുന്ന ഒരു കലയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. കെ.ആർ.മീരയുടെ ആരാച്ചാരുടെ തുടക്കം വാർത്താവതരണത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും കുട്ടികളെ നയിക്കുവാൻ ഇടയാക്കും. മലാല യൂസഫ് സായിയുടെ പ്രസംഗഭാഗം യുദ്ധത്തിനെതിരെയുള്ള ആഹ്വാനത്തിനപ്പുറം പ്രസംഗമെന്ന വ്യവഹാര രൂപത്തിലേക്ക് കുട്ടികളെ ചേർത്തുനിർത്തുന്നതാണ്. ഉള്ളൂരിൽ തുടങ്ങി അക്കിത്തവും ഓ എൻ വി യിലൂടെ എ.അയ്യപ്പനിൽ എത്തുന്നുണ്ടെങ്കിൽ കുറച്ചുവരികളിലൂടെ ആശയസമുദ്രം തീർക്കുന്ന രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പി.പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം തിരക്കഥയും സിനിമ കുട്ടികളിലേക്ക് എത്തിക്കുന്നു.
പത്തനംതിട്ടക്കാരൻ എന്ന നിലയിൽ കടമ്മനിട്ടയുടെ കുറത്തി ഉൾപ്പെടുത്താൻ കഴിഞ്ഞതും അതിലൂടെ കീഴാള ജനതയുടെ അതിജീവനത്തിന്റെ അനിവാര്യത പുതിയ തലമുറയുടെ ഉള്ളിൽ നിറയ്ക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഭാഷാദ്ധ്യാപകൻ കൂടിയായ ബിനു കെ.സാം പറഞ്ഞു. സങ്കീർണമായ വ്യാകരണം കഥകളിലൂടെ പറയുന്ന നിപ്രസം ഉപ്രസം ആ എന്ന സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച വ്യാകരണ ഗ്രന്ഥത്തിന്റെ കർത്താവ് കൂടിയായ ഇദ്ദേഹം കുട്ടികൾക്ക് കളിച്ച് ഭാഷ പഠിക്കുന്നതിനായി തയ്യാറാക്കിയ അക്ഷരക്കളിയും അക്ഷരച്ചീട്ടും ഏറെശ്രദ്ധ നേടിയവയാണ്.
വിവിധ വ്യവഹാര രൂപങ്ങൾ പരിചയപ്പെടുക മാത്രമല്ല പ്രായോഗികമായി കുട്ടികൾ അത് നന്നായി ഉപയോഗിക്കാൻ പരിശീലിക്കുന്നതിനു കൂടി അവസരം ഒരുക്കുന്നതാണ് പുതിയ പാഠപുസ്തകം.
ബിനു കെ.സാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |