ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഭാവനം ചെയ്ത സോളാർ പദ്ധതി ത്രിശങ്കുവിലായി. പതിറ്റാണ്ടുകൾ പഴക്കമുള്ള വൈദ്യുതി വിതരണലൈൻ മാറ്റാതെ സോളാർനിലയം സ്ഥാപിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി നിലപാട് കടുപ്പിച്ചതോടെയാണ് പദ്ധതി ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. സിയാലിന്റെ സാങ്കേതികസഹായത്തോടെ 2.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ പദ്ധതി ഒരു ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ നടപ്പാക്കാനായിരുന്നു ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ഇതിന്റെ പ്രാഥമിക ചർച്ചകളും ബോർഡ് നടത്തിയിരുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ പ്രതിവർഷം കറന്റു ചാർജ് ഇനത്തിൽ നഷ്ടമാകുന്ന ആറു കോടിയിൽപരം രൂപ ലാഭിക്കാൻ കഴിയുമെന്നും ബോർഡ് കണക്കു കൂട്ടി. മാത്രമല്ല തീർത്ഥാടനകാലം കഴിഞ്ഞ് നട അടച്ചിരിക്കുന്ന വേളകളിൽ വൈദ്യുതി ബോർഡിന് സോളാറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി തിരികെ നൽകാനും കഴിയും.
ദേവസ്വം ബോർഡിന് നൽകുന്നത് കൂടാതെ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി ബോർഡ് നേരിട്ടാണ് വൈദ്യുതി നൽകുന്നത്. പ്രസരണ വിതരണം നഷ്ടം കൂടാതെ ലഭിക്കുന്ന ഈ വൈദ്യുതിക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയോളം രൂപയാണ് വ്യാപാരികളിൽ നിന്ന് ബോർഡ് ഈടാക്കുന്നത്. ശബരിമലയിലെ വൈദ്യുതി വിതരണം കെ.എസ്.ഇ.ബിയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്.
ശബരിമലയിലെ സോളാർ വൈദ്യുതി വിതരണത്തിന് പുതിയ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കണം. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള ഈ പ്രവർത്തിക്ക് ഏകദേശം 50 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ തുക ദേവസ്വം ബോർഡ് വഹിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. ഭീമമായ ഈ സാമ്പത്തിക ഭാരം താങ്ങാൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |